ലഖ്‌നൗ: പകര്‍പ്പവകാശമില്ലാതെ ആംആദ്മി പാര്‍ട്ടിയുടെ ചിഹ്നം ഉപയോഗിക്കുന്നതിനെതിരെ പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കേജ്‌രിവാളിന് വക്കീല്‍ നോട്ടീസ്. എഎപിയില്‍നിന്നും രാജിവെച്ച സുനില്‍ ലാല്‍ എന്നയാളാണ് പാര്‍ട്ടിയുടെ ചിഹ്നം രൂപകല്‍പ്പന ചെയ്തത്.
ഇത് ഉപയോഗിക്കുന്നതിനുള്ള പകര്‍പ്പവകാശം തനിക്കുമാത്രമാണെന്നും അനുവാദമില്ലാതെയാണ് എഎപിയുടെ ചിഹ്നമായി അത് ഉപയോഗിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് കേജ്‌രിവാളിന് നോട്ടീസ് അയച്ചിരിക്കുന്നത്.
ചിന്താഗതികള്‍ക്കെതിരായി പ്രവര്‍ത്തിക്കേണ്ടിവന്നതിനാലാണ് എഎപി അംഗത്വം രാജിവെച്ചത്. പകര്‍പ്പവകാശം തനിക്കായതിനാല്‍ അനുവാദമില്ലാതെ മറ്റാര്‍ക്കും അത് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും സുനില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് കഴിഞ്ഞ ഏപ്രിലില്‍ ഇയാള്‍ കേജ്‌രിവാളിന് കത്തയച്ചിരുന്നു. അതിനുശേഷവും ചിഹ്നം പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് അഭിഭാഷകനായ അഖിലേഷ് ചന്ദ്ര മുഖേന നോട്ടീസ് അയക്കുന്നത്. 15 ദിവസത്തിനുള്ളില്‍ മറുപടി പറയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
















