മെല്‍ബണ്‍: വീട്ടു വേലക്കാരനെ ഭാര്യ മര്‍ദ്ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ന്യൂസിലാന്‍ഡിലെ ഭാരത ഹൈക്കമ്മീഷണറെ കേന്ദ്രം തിരിച്ചുവിളിച്ചു. കഴിഞ്ഞ മെയിലാണ് സംഭവം.
ഭാരത ഹൈക്കമ്മീഷണര്‍ രവി ഥാപ്പറിന്റെ ഭാര്യ ഷര്‍മിള ഥാപ്പര്‍ വീട്ടു ജോലിക്കാരനെ അതിക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇയാള്‍ വീടുവിട്ടിറങ്ങുകയായിരുന്നു. പൊതു നിരത്തിലുടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് അലഞ്ഞുതിരിഞ്ഞ ഇയാളെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഷര്‍മിള തന്നെ അടിമയായാണ് കണ്ടിരുന്നതെന്നും രവി ഥാപ്പര്‍ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായും ജോലിക്കാരന്‍ പോലീസിനെ അറിയിച്ചു. പിന്നീട് കുറച്ചു ദിവസം ഇയാളെ വില്ലിങ്ടണ്‍ നൈറ്റ് ഷെല്‍ട്ടറില്‍ താമസിപ്പിച്ചശേഷം ഭാരതത്തിലേക്ക് തിരിച്ചയച്ചു.
എന്നാല്‍ രവി ഥാപ്പറിനും ഭാര്യയ്‌ക്കുമെതിരെ പരാതിയൊന്നുമില്ലെന്നും ഭാരതത്തില്‍ തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്നും ഇയാള്‍ പറഞ്ഞു.
പോലീസിന് ലഭിച്ച വിവരങ്ങള്‍ ഭാരതത്തിനു കൈമാറിയതിനെ തുടര്‍ന്നാണ് ഥാപ്പറിനെ തിരിച്ചു വിളിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. അതേസമയം ജോലിക്കാരോടുള്ള ഭാരത ഹൈക്കമ്മീഷണറുടെ സമീപനത്തില്‍ ആശങ്കയുണ്ടെന്ന് ന്യൂസിലാന്‍ഡ് പോലീസ് അറിയിച്ചു. ഇതിനു മുമ്പ് അമേരിക്കയിലെ ഭാരത നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെ വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ചതായി പരാതി ലഭിച്ചിരുന്നു. ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധത്തില്‍ ഏറെ വിള്ളല്‍ വീഴ്‌ത്തിയിരുന്നു. എന്നാല്‍ ഭാര്യയ്‌ക്കെതിരെയുള്ള ആരോപണം മൂലമല്ല അമ്മയെ ശുശ്രൂഷിക്കുന്നതിനായാണ് ഭാരതത്തിലേക്ക് തിരിച്ചുപോകുന്നതെന്ന് ഥാപ്പര്‍ അറിയിച്ചു.
















