ന്യൂദല്‍ഹി: രാജ്യത്ത് നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് സിറ്റികള്‍ സമ്പന്നര്‍ക്കുവേണ്ടിയല്ലെന്ന് കേന്ദ്രനഗരവികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. നഗരവല്‍ക്കരണത്തിനിടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോകുന്ന പാവങ്ങള്‍ക്ക് വേണ്ടിയാണ് എന്‍ഡിഎ സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെന്ന സ്വപ്‌ന പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും വെങ്കയ്യ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ യോഗത്തിന്റെ സമാപന ദിവസം പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ സമൂഹത്തിലെ ശ്രേഷ്ഠ വിഭാഗക്കാര്‍ക്കായിട്ടാണെന്ന കോണ്‍ഗ്രസ് പരാമര്‍ശത്തോട് പ്രതികരിച്ച കേന്ദ്രമന്ത്രി അങ്ങനെ തോന്നുന്നവര്‍ കൈകളുയര്‍ത്തണമെന്ന് യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ അടക്കം ആരുംതന്നെ പദ്ധതിക്കെതിരെ കൈകളുയര്‍ത്തിയില്ല. തങ്ങള്‍ക്ക് കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ വേണമെന്ന് പ്രതിനിധികള്‍ കൂട്ടത്തോടെ പറഞ്ഞു.
പതിമൂന്ന് സ്മാര്‍ട്ട് സിറ്റികള്‍ അനുവദിച്ച ഉത്തര്‍പ്രദേശിന് ഇനിയും കൂടുതല്‍ വേണമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് ആവശ്യപ്പെട്ടത് വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. സ്മാര്‍ട്ട് സിറ്റികള്‍ നഗരങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ ഇത്രയധികം സമ്പന്നര്‍ യുപിയില്‍ ഉണ്ടോയെന്നും എന്തിനാണ് അവിടുത്തെ മുഖ്യമന്ത്രി കൂടുതല്‍ ആവശ്യപ്പെടുന്നതെന്നും വെങ്കയ്യ നായിഡു ചോദിച്ചു.
സ്മാര്‍ട്ട് സിറ്റികള്‍ നഗരങ്ങളെ കൂടുതല്‍ സ്മാര്‍ട്ട് ആക്കുമെന്നും റോഡുകളും പൊതുഗതാഗത സംവിധാനങ്ങളും മികച്ചതാക്കുമെന്നും വിതരണം ചെയ്യുന്ന ജലത്തിന്റെ നിലവാരം ഉര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. സുതാര്യതയും കൂടുതല്‍ തൊഴിലവസരങ്ങളും പദ്ധതി ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ തങ്ങള്‍ക്ക് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈയാവശ്യം ഉന്നയിച്ച് ഇന്ന് രാവിലെ സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെങ്കയ്യ നായിഡുവിനെ സന്ദര്‍ശിക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 100 സ്മാര്‍ട്ട് നഗരങ്ങള്‍ നിര്‍മ്മിക്കുന്നതനായി 48,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു.
















