ധാക്ക: കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത് ഐസിസി ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്റെ സഹായത്തോടെയെന്ന് മുന്‍ ഐസിസി പ്രസിഡന്റ് മുസ്തഫ കമാലിന്റെ വെളിപ്പെടുത്തല്‍.
ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടന്ന മത്സരം സത്യസന്ധമായിരുന്നില്ലെന്നും കമാല്‍ പറയുന്നു. പ്രമുഖ ക്രിക്കറ്റ് വെബ് സൈറ്റായ ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് കമാല്‍ ഇക്കാര്യം പറഞ്ഞത്. നേരത്തെ ക്വാര്‍ട്ടറില്‍ ബംഗ്ലാദേശ് ഇന്ത്യയോട് പരാജയപ്പെടുകയും പിന്നീട് ഫൈനലിനുശേഷം വിജയികള്‍ക്കു ട്രോഫി വിതരണം ചെയ്യുന്നതിനുള്ള അവകാശം നിഷേധിച്ചതിലും പ്രതിഷേധിച്ചായിരുന്നു മുസ്തഫ കമാല്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.
ഇന്ത്യ-ബംഗ്ലാദേശ് മത്സരം നടന്ന സ്‌റ്റേഡിയത്തില്‍ സ്‌പൈഡര്‍ ക്യാമറയോ വലിയ സ്‌ക്രീനോ ഉണ്ടായിരുന്നില്ല. സ്‌പൈഡര്‍ കാമറ ഉപയോഗിച്ചിരുന്നെങ്കില്‍ ക്യാച്ച് വ്യക്തമാകുമായിരുന്നു. ഈ കളിയില്‍ വേണ്ടത്ര സാങ്കേതികവിദ്യ ഉപയോഗിക്കാതിരുന്നതിലും നിഗൂഡതയുണ്ട്. മെല്‍ബണില്‍ ക്യാമറ ഇല്ലാതെ ഇന്ത്യ-ബംഗ്ലാദേശ് ക്വാര്‍ട്ടര്‍ കളിയല്ലാതെ നടന്നിട്ടുണ്ടാകില്ല. ഇതേവേദിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുമ്പോള്‍ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഉണ്ടായിരുന്നു. ശ്രീനിവാസന്‍ ഇടപെട്ടാണ് ഇത്തരം സൗകര്യങ്ങളെല്ലാം മൈതാനത്തുനിന്നും എടുത്തുമാറ്റിയത് എന്ന് വ്യക്തമാണെന്നും മുസ്തഫ കമാല്‍ പറഞ്ഞു.
നേരത്തെ എന്‍. ശ്രീനിവാസന്‍ ഐസിസി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതിനെയും കമാല്‍ ചോദ്യം ചെയ്യുന്നു. ഐപിഎല്ലില്‍ ആരോപണ വിധേയനായ ആളാണ് ശ്രീനിവാസന്‍. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ വിജയം വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. രോഹിത് ശര്‍മ്മ ക്യാച്ച് നല്‍കിയ പന്ത് നോബോള്‍ വിളിച്ചതാണ് ബംഗ്ലാദേശ് ആരാധകരെയും മുസ്തഫ കമാലിനെയും ചൊടിപ്പിച്ചത്. ജീവന്‍ കിട്ടി ബാറ്റിംഗ് തുടര്‍ന്ന രോഹിത് സെഞ്ചുറിയടിച്ച് മാന്‍ ഓഫ് ദ മാച്ചായിരുന്നു. ഈ മത്സരത്തില്‍ ശ്രീനിവാസന്റെ ഇടപെടല്‍ നടന്നു എന്നാണ് കമാല്‍ പറയുന്നത്.
















