സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാളെ ക്ലാസ്സിക്ക് പോരാട്ടം. ലോക ഫുട്ബോളിലെ സൂപ്പര്‍താരങ്ങളാണ് നാളത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുഖാമുഖം പോര്‍ക്കളത്തിലെത്തുന്നത്. അര്‍ജന്റീനയുടെ മെസ്സി-ഡി മരിയ-അഗ്യൂറോ എന്നിവര്‍ക്ക് മറുപടിയായി കൊളംബിയയുടെ ജെയിംസ് റോഡ്രിഗസ്, റദമല്‍ ഫാല്‍ക്കാവോ, ജുവാന്‍ ക്വാഡ്രാഡോ തുടങ്ങിയവര്‍ കളത്തിലിറങ്ങും. കോപ്പ അമേരിക്കയില്‍ ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും ആവേശകരമായ പോരാട്ടത്തിനായിരിക്കും നാളെ അരങ്ങുണരുക. പുലര്‍ച്ചെ 5നാണ് കിക്കോഫ്.
ഇത്തവണ 15-ാം കിരീടം ലക്ഷ്യമിട്ടാണ് അര്‍ജന്റീന കോപ്പയില്‍ പന്തുതട്ടാന്‍ തുടങ്ങിയത്. എന്നാല്‍ 1993നുശേഷം അവര്‍ക്ക് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. 2004, 2007 ഫൈനലുകളില്‍ ബ്രസീലിനോട് പരാജയപ്പെട്ടു. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പിലും അര്‍ജന്റീന കൂട്ടത്തിന്റെ മുന്നേറ്റം ക്വാര്‍ട്ടറില്‍ അവസാനിച്ചു. ഉറുഗ്വെയോടാണ് അവര്‍ ഷൂട്ടൗട്ടില്‍ കീഴടങ്ങിയത്. ഈ കിരീട ക്ഷാമത്തിന് അറുതിവരുത്തുകയാണ് മെസ്സിയുടെയും സംഘത്തിന്റെയും ലക്ഷം.
2001ലെ ചാമ്പ്യന്മാരായ കൊളംബിയ 2004ല്‍ സെമിയില്‍ കളിച്ചെങ്കിലും പിന്നീട് ഒരിക്കലും അവര്‍ക്ക് ക്വാര്‍ട്ടര്‍ കടക്കാന്‍ കഴിഞ്ഞിട്ടില്ല. 2011-ല്‍ പെറുവിനോട് ക്വാര്‍ട്ടറില്‍ 2-0ന് തോറ്റാണ് കൊളംബിയ പുറത്തായത്.
ഗ്രൂപ്പ് ബിയില്‍ നിന്ന് ചാമ്പ്യന്മാരായാണ് അര്‍ജന്റീന അവസാന എട്ടിലെത്തിയത്. ആദ്യ മത്സരത്തില്‍ പരാഗ്വെയോട് 2-2ന് സമനില പാലിച്ച അവര്‍ അടുത്ത മത്സരത്തില്‍ ഉറുഗ്വെയെ 1-0നും അവസാന കളിയില്‍ ജമൈക്കയെയും 1-0ന് പരാജയപ്പെടുത്തി ഏഴ് പോയിന്റുമായാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. എന്നാല്‍ പ്രതിരോധത്തിലെ പാളിച്ചകള്‍ അവരെ വലക്കുന്നുണ്ട്. ഒപ്പം ബാഴ്സലോണക്കായി മിന്നുന്ന പ്രകടനം നടത്തുന്ന സൂപ്പര്‍താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സി ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ അവസരത്തിനൊത്തുയര്‍ന്നിട്ടില്ല. പരാഗ്വെക്കെതിരായ കളിയില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ നേടിയതൊഴിച്ചാല്‍ നിറം മങ്ങിയ പ്രകടനമാണ് മുന്‍ ലോക ഫുട്ബോളര് കാഴ്ചവെക്കുന്നത്.
എന്നാല്‍ ഇടതുവിംഗിലൂടെ തുളച്ചുകയറുന്ന പ്ലേ മേക്കര്‍ എയ്ഞ്ചല്‍ ഡി മരിയ മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. മൂന്ന് കളികളില്‍ നിന്ന് രണ്ട് ഗോളുകള്‍ നേടിയ സെര്‍ജിയോ അഗ്യൂറോ മികച്ച ഫോമിലാണ്. ആദ്യ ഇലവനില്‍ അഗ്യൂറോ തന്നെയായിരിക്കും ഇടംപിടിക്കുക. മറ്റ് സ്ട്രൈക്കര്‍മാരായ ഗോണ്‍സാലോ ഹിഗ്വയ്ന്, കാര്‍ലോസ് ടെവസ്, എസീക്വല്‍ ലാവേസി എന്നിവരും എതിര് പ്രതിരോധനിരയുടെ പേടി സ്വപ്നങ്ങളാണ്. മികച്ച മധ്യനിരയും അവര്‍ക്കുണ്ട്. ഹാവിയര്‍ മഷെറാനോ, എയ്ഞ്ചല്‍ ഡി മരിയ, ഹാവിയര്‍ പാസ്തോറെ, എവര്‍ ബനേഗ, എറിക് ലമേല തുടങ്ങിയവരാണ് മധ്യനിരിയിലെ കരുത്തര്‍. പ്രതിരോധത്തില്‍ മാര്‍ക്കോസ് റോജോ, മാര്ട്ടിന് ഡെമിഷെലസ്, പാബ്ലോ സബലേറ്റ എന്നിവരുണ്ട്. മുന്നേറ്റനിരയില്‍ ഗോള്‍വലക്ക് മുന്നില്‍ സീരി എ ക്ലബ് സാംപദോറിയയുടെ സെര്‍ജിയോ റൊമേറോയും ഇറങ്ങും.
ഗ്രൂപ്പ് സിയില്‍ നിന്ന് ബ്രസീലിനും പെറുവിനും പിന്നില്‍ മികച്ച മൂന്നാം സ്ഥാനക്കാരായാണ് കൊളംബിയ അവസാന എട്ടില്‍ ഇടംപിടിച്ചത്. ആദ്യ കളിയില്‍ വെനസ്വേലയോട് 1-0ന് അപ്രതീക്ഷിതമായി പരാജയപ്പെട്ട കൊളംബിയ രണ്ടാം കളിയില്‍ കരുത്തരായ ബ്രസീലിനെ 1-0ന് കീഴടക്കി. അവസാന മത്സരത്തില്‍ പെറുവുമായി സമനില പാലിക്കേണ്ടിയും വന്നു അവര്‍ക്ക്. ഗ്രൂപ്പിലെ മൂന്ന് കളികളില്‍ ഒരു ഗോള്‍ മാത്രമാണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞത്. ഒരെണ്ണം വഴങ്ങുകയും ചെയ്തു. മാത്രമല്ല ക്യാപ്റ്റനും സൂപ്പര്‍താരവുമായ റദമല്‍ ഫാല്ക്കോയുടെയും ജെയിംസ് റോഡ്രിഗസിന്റെയും ബൂട്ടുകള്‍ക്ക് ലക്ഷ്യം കാണുന്നതില്‍ പിഴക്കുകയും ചെയ്യുന്നു.
എന്നാല്‍ കളത്തില്‍ നിറഞ്ഞുകളിക്കുന്ന റോഡ്രിഗസ് പ്ലേ മേക്കര്‍ എന്ന നിലയില്‍ ഏറെ വളര്‍ന്നുകഴിഞ്ഞു. കൊളംബിയന്‍ മുന്നേറ്റങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് തന്നെ റോഡ്രിഗസാണ്. അര്‍ജന്റീന താരങ്ങളോട് കിടപിടിക്കുന്ന കളിക്കാരാണ് കൊളംബിയയുടെയും കരുത്ത്. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന കാര്‍ലോസ് ബാക്ക ഇന്ന് കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പെറുവിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ പരിക്കേറ്റ പ്ലേ മേക്കര്‍ എഡ്വിന് വലന്‍സിയ ഇന്ന് കളിച്ചേക്കില്ല. 2011ലെ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് പോരാട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയെങ്കിലും കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു.
















