സാന്റിയാഗോ(ചിലി): കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആതിഥേയരായ ചിലി സെമിഫൈനലില്‍ കടന്നു. ഇന്ന് പുലര്‍ച്ചെ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോരാട്ടത്തില്‍ ഉറുഗ്വേയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ചിലി തോല്‍പ്പിച്ചത്. തോല്‍വിയോടെ ഉറുഗ്വേ കോപ്പയില്‍ നിന്നും പുറത്തായി.
മത്സരം അവസാനിക്കാന്‍ ഒമ്പതു മിനിട്ട് ശേഷിക്കെ എണ്‍പത്തിയൊന്നാം മിനിറ്റില്‍ മൗറീഷ്യോ ഇസ്‌ലയാണ് ചിലിയുടെ വിജയഗോള്‍ നേടിയത്. ലാറ്റിന്‍ അമേരിക്കന്‍ ചിരവൈരികള്‍ ഏറ്റുമുട്ടിയപ്പോള്‍ ആറു മഞ്ഞക്കാര്‍ഡുകളും രണ്ട് ചുവപ്പ് കാര്‍ഡുകളുമാണ് പിറന്നത്. പരുക്കന്‍ അടവുകള്‍ ഏറെ കണ്ട മത്സരത്തിനൊടുവില്‍ ഉറുഗ്വേ സൂപ്പര്‍താരം എഡിന്‍സണ്‍ കവാനിയും ജോര്‍ഗെ ഫുസിലും ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി.
കയ്യാങ്കളിക്കൊടുവില്‍ അറുപത്തിമൂന്നാം മിനിട്ടില്‍ കവാനി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഉറുഗ്വേയുടെ നില പരുങ്ങലിലായി. പിന്നീട് 10 പേരുമായി കളിച്ച ടീം അടിയറവ് സമ്മതിക്കുകയായിരുന്നു. നാളെ നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ വിജയികളാവും സെമിഫൈനലില്‍ ചിലിയുടെ എതിരാളികള്‍.
















