മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തില്‍ ജയിച്ച് ടീം ഇന്ത്യ മാനം കാത്തു. ഇന്നലെ നടന്ന കളിയില്‍ 77 റണ്‍സിനായിരുന്നു ധോണിപ്പട ബംഗ്ലാ കടുവകളെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 47 ഓവറില്‍ 270 റണ്‍സിന് ഓള്‍ ഔട്ടായി. പരമ്പരയിലാദ്യമായി ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതാണ് ഗുണകരമായത്. ഇന്ത്യക്ക് വേണ്ടി സുരേഷ് റെയ്‌ന മുന്നും ധവാല്‍ കുല്‍ക്കര്‍ണി, അശ്വിന്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്‌ത്തി.
75 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെയും 69 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെയും മികച്ച ബാറ്റിങ്ങാണ് ഇന്ത്യക്ക് നല്ല ടോട്ടല്‍ സമ്മാനിച്ചത്. ഇരുവര്‍ക്കും പുറമെ അമ്പാട്ടിറായിഡു (44), സുരേഷ് റെയ്‌ന (38), രോഹിത് ശര്‍മ്മ (29), വിരാട് കോഹ്‌ലി (25) എന്നിവരും തരക്കേടില്ലാതെ ബാറ്റ് വീശി. ഒരാള്‍ക്കുപോലും അര്‍ദ്ധസെഞ്ചുറി നേടാന്‍ കഴിയാതിരുന്ന ബംഗ്ലാദേശ് നിരയില്‍ 43 റണ്‍സെടുത്ത സാബിര്‍ റഹ്മാനാണ് ടോപ് സ്‌കോറര്‍. സൗമ്യ സര്‍ക്കാര്‍ 40ഉം ലിറ്റണ്‍ ദാസ് (34), നാസിര്‍ ഹൊസൈന്‍ (32) എന്നിവരും തിളങ്ങി.
ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്ത് ബംഗ്ലാദേശിന് വിജയം സമ്മാനിച്ച പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന് ഇന്നലെ ആ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. എങ്കിലും മുസ്തഫിസുര്‍ 57 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഇതോടെ അരങ്ങേറ്റ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തുന്ന താരമെന്ന റെക്കോര്‍ഡും താരത്തിന് സ്വന്തം. മൂന്ന് ഏകദിനങ്ങളില്‍ നിന്ന് 13 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. സിംബാബ്‌വെയുടെ ബ്രയാന്‍ വിട്ടോറിയുടെ റെക്കോഡാണ് ബംഗ്ലാ താരം മറികടന്നത്. വിട്ടോറി 2011-ല്‍ ബംഗ്ലാദേശിനെതിരായ അരങ്ങേറ്റ പരമ്പരയില്‍ മൂന്ന് കളികളില്‍ നിന്ന് 11 വിക്കറ്റ് വീഴ്‌ത്തയിരുന്നു. ഇന്ത്യക്കെതിരായ ആദ്യ രണ്ട് കളികളില്‍ നിന്നുതന്നെ 11 വിക്കറ്റ് വീഴ്‌ത്തിയ മുസ്തഫിസുര്‍ വിട്ടോറിയുടെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഏകദിനങ്ങളിലെപ്പോലെ ഇന്നലെയും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കുന്നതില്‍ രോഹിത് ശര്‍മ്മ പരാജയപ്പെട്ടു. മികച്ച രീതിയില്‍ ബാറ്റ് ചെയ്തുവന്ന രോഹിതിന് മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ ഏഴാം ഓവറിലെ അവസാന പന്തില്‍ പിഴച്ചു. സ്‌കോര്‍ 1ന് 39. പിന്നീട് ധവാനും വിരാട് കോഹ്‌ലിയും ചേര്‍ന്ന് സ്‌കോര്‍ 114-ല്‍ എത്തിച്ചു. എന്നാല്‍ 35 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത കോഹ്‌ലിയെ ഷക്കിബ് അല്‍ ഹസ്സന്‍ ബൗള്‍ഡാക്കി. തുടര്‍ന്ന് ക്രീസിലെത്തിയത് നായകന്‍ ധോണി. ധവാനൊപ്പംചേര്‍ന്ന ധോണി ഇന്ത്യന്‍ സ്‌കോര്‍ 158 റണ്‍സിലെത്തിച്ചു. ഇതിനെ അര്‍ദ്ധസെഞ്ചുറിയും പിന്നിട്ട് കുതിക്കുകയായിരുന്ന ധവാനെ മൊര്‍താസ നാസിര്‍ ഹൊസൈന്റെ കൈകളിലെത്തിച്ചു. 73 പന്തില്‍ നിന്ന് 10 ബൗണ്ടറികളോടെ 75 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം. പിന്നീട് ധോണിയും അമ്പാട്ടി റായിഡും ചേര്‍ന്ന് സ്‌കോര്‍ 43.3 ഓവറില്‍ 251-ല്‍ എത്തിച്ചു.
എന്നാല്‍ 49 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത റായിഡുവിനെ മൊര്‍താസ ലിറ്റണ്‍ ദാസിന്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. അധികം കഴിയും മുന്നേ ധോണിയും മടങ്ങി. 77 പന്തില്‍ നിന്ന് 69 റണ്‍സെടുത്ത ക്യാപ്റ്റനെ മൊര്‍താസയുടെ പന്തില്‍ മുസ്തഫിസുര്‍ റഹ്മാന്‍ പിടികൂടി. പിന്നീട് 21 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത റെയ്‌ന വെടിക്കെട്ട് ബാറ്റിങ് നടത്തി. സ്‌കോര്‍ 301-ല്‍ എത്തിയപ്പോള്‍ റെയ്‌നയെ മുസ്തഫിസുര്‍ ബൗള്‍ഡാക്കി. തുടര്‍ന്ന് 11 പന്തില്‍ 17 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സ്റ്റുവര്‍ട്ട് ബിന്നിയും അഞ്ച് പന്തില്‍ നിന്ന് 10 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അക്ഷര്‍ പട്ടേലും ചേര്‍ന്ന് സ്‌കോര്‍ 317-ല്‍ എത്തിച്ചു. ബംഗ്ലാദേശിന് വേണ്ടി മൊര്‍താസ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും 10 ഓവറില്‍ 76 റണ്‍സാണ് വിട്ടുകൊടുത്തത്.
















