ന്യൂയോര്‍ക്ക്: മുംബൈ ആക്രമണത്തിന്റെ ആസൂത്രകന്‍ ലഷ്‌കര്‍ ഇ തോയ്ബ ഭീകരന്‍ സാക്കി ഉര്‍ റഹ്മാന്‍ ലഖ്‌വിയെ പുറത്തുവിട്ട പാക്കിസ്ഥാന്റെ നടപടിക്കെതിരേ ഭാരതം ഐക്യരാഷ്‌ട്ര സഭയില്‍ നല്‍കിയ പരാതിക്കെതിരേ ചൈന രംഗത്ത്. ലഖ്‌വിയെ പുറത്തുവിട്ടതില്‍ പാക്കിസ്ഥാനോട് വിശദീകരണം തേടണമെന്ന ഭാരതത്തിന്റെ ആവശ്യത്തിനെതിരേയാണ് ചൈന നിലപാടെടുത്തത്. ഭാരതം ആവശ്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നു വാദമുയര്‍ത്തി ചൈന പാക്കിസ്ഥാനോട് കൂറ് പ്രഖ്യാപിച്ചു. ചൈനയുടെ വീറ്റോ നീക്കത്തോടെ പരാതി പരിഗണിക്കാന്‍ സമിതിക്കാകില്ല.
യുഎന്‍ ഉപരോധ സമിതിയിലാണ് ഭാരതം പരാതി നല്‍കിയത്. അഞ്ച് സ്ഥിരാംഗങ്ങളും, പത്ത് താല്കാലിക അംഗങ്ങളും അടങ്ങിയതാണ് സമിതി. പാക്കിസ്ഥാന്റെ നടപടി അന്താരാഷ്‌ട്ര നിയമങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി യുഎന്നിലെ ഭാരതത്തിന്റെ സ്ഥിരം സ്ഥാനപതി അശോക് മുഖര്‍ജിയാണ് പരാതി നല്‍കിയത്. ഈ വിഷയം യുഎന്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് സമിതി ചെയര്‍മാന്‍ ജിം മക്‌ലേക്ക് നല്‍കിയ പരാതിയില്‍ മുഖര്‍ജി വാദിക്കുന്നു.
തെളിവില്ലെന്നു പറഞ്ഞ് അടുത്തിടെയാണ് പാക്കിസ്ഥാന്‍ കോടതി ലഖ്‌വിയെ പുറത്തുവിട്ടത്. യുഎസ്, യുകെ, റഷ്യ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ലഷ്‌കര്‍ ഭീകരനെ മോചിപ്പിച്ചതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിനിടെയാണ് ചൈനയുടെ നീക്കം.
















