സ്റ്റാവാന്ഗര് (നോര്‍വെ): നോര്‍വെ ചെസ് 2015ല്‍ മുന്‍ ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിന് സമനില. അഞ്ചാം റൗണ്ടില്‍ അമേരിക്കയുടെ ഹിക്കാരു നകാമുറ ആനന്ദുമായി പോയിന്റ് പങ്കിട്ടു. വെളുത്ത കരുക്കളുടെ പിന്‍ബലത്തോടെ കളിച്ച നകാമുറയ്ക്ക് നേരിയ മുന്‍തൂക്കമുണ്ടായിരുന്നു. എന്നാല്‍ പിഴവറ്റ പ്രതിരോധത്തിലൂടെ ആനന്ദ് അനായാസ സമനില സ്വന്തമാക്കി. ഹോളണ്ടിന്റെ അനിഷ് ഗിരിക്കൊപ്പം മൂന്നാം സ്ഥാനത്താണ് ആനന്ദി (3 പോയിന്റ്)പ്പോള്‍.
മറ്റു മത്സരങ്ങളില്‍ ലോക ചാമ്പ്യനും ആതിഥേയ താരവുമായ മാഗ്നസ് കാള്സന് റഷ്യയുടെ അലക്സാണ്ടര്‍ ഗ്രിഷ്ചുക്കിനെയും ബള്‍ഗേറിയയുടെ വെസെലിന് ടോപ്പലോവ് ജോണ്‍ ലുഡ്വിഗ് ഹാമ്മറെയും (നോര്‍വെ) അര്‍മേനിയയുടെ ലെവോണ്‍ അരോണിയന് ഇറ്റലിയുടെ ഫാബിയാനോ കരുവാനൊയെയും കീഴടക്കി.
















