മിര്‍പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിന് സംഭവിക്കുന്ന മോശം കാര്യങ്ങള്‍ക്ക് താനാണ് ഉത്തരവാദിയെങ്കില്‍ ക്യാപ്ടന് സ്ഥാനം രാജിവയ്ക്കാമെന്ന് മഹേന്ദ്ര സിങ് ധോണി. ബംഗ്ലാദേശിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ തോല്‍വിയെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ധോണിയുടെ പ്രതികരണം.
ഇന്ത്യ മുന്നില്‍വച്ച 200 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ ലക്ഷ്യം 47 ഓവറില്‍ 199 ആയി പുതുക്കി. ഷാക്കിബ് അല്‍ ഹസന് (51 നോട്ടൗട്ട്), ലിറ്റണ്‍ ദാസ് (36) സൗമ്യ സര്‍ക്കാര്‍ (34), മുഷിഫിക്കര് റഹീം (31) എന്നിവര്‍ തിളങ്ങിയപ്പോള്‍ ബംഗ്ലാദേശ് ആറു വിക്കറ്റിന്റെ ചരിത്രജയം പിടിച്ചെടുത്തു. ഇതാദ്യമായാണ് ബംഗ്ലാദേശ് ഇന്ത്യയ്ക്കെതിരെ ഒരു പരമ്പര നേടുന്നത്. സ്വന്തം മണ്ണില്‍ പത്താം തുടര്‍ ജയത്തിന്റ മധുരവും അവര്‍ നുണഞ്ഞു. ഇതോടെ 2017ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ബംഗ്ലാദേശ് യോഗ്യത നേടുകയും ചെയ്തു.
‘ക്രിക്കറ്റ് ഞാന്‍ ശരിക്കും ആസ്വദിക്കുന്നു. ഇത്തരത്തിലെ ചോദ്യങ്ങള്‍ വന്നുകൊണ്ടേയിരിക്കും. മാധ്യമങ്ങള്‍ക്ക് എന്നെ ഇഷ്ടമാണല്ലോ. ഞാനാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെങ്കില്‍, എന്നെ നീക്കിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നല്ലതു സംഭവിച്ചു തുടങ്ങുമെങ്കില്‍ തീര്‍ച്ചയായും നായക സ്ഥാനത്തു നിന്ന് മാറി നില്ക്കാന് സന്തോഷമേയുള്ളു. എന്നിട്ട് കളിക്കാരനായി തുടരും, ധോണി പറഞ്ഞു.
ക്യാപ്ടന് ആരെന്നതു വിഷയമല്ല. അതിനുവേണ്ടി ശ്രമിച്ചിട്ടുമില്ല. അതെനിക്കൊരു ജോലിയോ ഉത്തരവാദിത്തമോ ആണ്. തിരിച്ചെടുക്കാനാണ് അവരുടെ തീരുമാനമെങ്കില്‍ തനിക്കൊരു കുഴപ്പവുമില്ലെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
















