ന്യൂദല്‍ഹി: പ്രധാനമന്ത്രി മുഖ്യാതിഥിയാകുന്ന ചടങ്ങുകളില്‍ രാഷ്‌ട്രപതിയെയോ, ഉപരാഷ്‌ട്രപതിയെയോ പങ്കെടുപ്പിക്കാന്‍ പ്രോട്ടോകോള്‍ അനുവദിക്കുന്നില്ലെന്നും, അതിനാലാണ് ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയെ രാജ്പഥിലെ യോഗ ദിനാചരണ ചടങ്ങുകളിലേക്ക് ക്ഷണിക്കാതിരുന്നതെന്നും ആയുഷ് മന്ത്രി ശ്രീപദ് നായിക്.
പ്രോട്ടോകോള്‍ അനുസരിച്ച് പ്രധാനമന്ത്രിക്ക് മുകളിലാണ് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും. അതിനാല്‍, ഇവരെ ചടങ്ങുകളിലേക്ക് ക്ഷണിക്കുന്നത് ഉചിതമാകില്ലെന്നും ഇതേക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി നായിക് പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തോടെ വിവാദം അവസാനിച്ചതായി ഉപരാഷ്‌ട്രപതിയുടെ ഓഫീസും വ്യക്തമാക്കി.
ഹമീദ് അന്‍സാരി യോഗ ദിനാചരണ ചടങ്ങുകളില്‍ പങ്കെടുക്കാതിരുന്നതിനെ ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് വിമര്‍ശിച്ചിരുന്നു. പിന്നീട് രാം മാധവ് പ്രസ്താവന പിന്‍വലിച്ചു. ഇതിനു മറുപടിയുമായി ഉപരാഷ്‌ട്രപതിയുടെ ഓഫീസ് എത്തിയതോടെയാണ് ആയുഷ് മന്ത്രി വിശദീകരണം നല്‍കിയത്. തെറ്റ് മനസിലാക്കി രാം മാധവ് പ്രസ്താവന പിന്‍വലിച്ച കാര്യവും ശ്രീപദ് നായിക് ചൂണ്ടിക്കാട്ടുന്നു. തെറ്റ് മനസിലായതോടെ മാധവ് പ്രസ്താവന പിന്‍വലിച്ചു. തെറ്റ് ഞങ്ങള്‍ അംഗീകരിക്കുന്നു. വിവാദങ്ങളെല്ലാം ഒഴിവാക്കേണ്ടതായിരുന്നു – മന്ത്രി പറഞ്ഞു.
















