ന്യൂദല്‍ഹി:വനാവകാശ നിയമം ഉടന്‍ നടപ്പാക്കണമെന്ന് കേരളമടക്കം ഒന്‍പത് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ബീഹാര്‍, പശ്ചിമബംഗാള്‍, ഹിമാചല്‍ പ്രദേശ്, കര്‍ണ്ണാടക, ഉത്തരാഖണ്ഡ്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്രഗോത്രകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
വനത്തില്‍ ജീവിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായാണ് വനാവകാശ നിയമം ഉടന്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്ന് ട്രൈബല്‍ അഫയേഴ്‌സ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ജൂണ്‍10നാണ് കേന്ദ്രനിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് അയച്ചത്.
വനാവകാശ നിയമത്തിന്റെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി പ്രത്യേക വിഭാഗം രൂപീകരിക്കാനും ട്രൈബല്‍ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വനത്തില്‍ ജീവിക്കുന്നവര്‍ക്ക് ഭൂമിയുടെ അവകാശം കൈമാറണമെന്നും വനാവകാശനിയമം ഒരു പ്രചാരണം പോലെ നടപ്പാക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നിയമം ഉടന്‍ നടപ്പാക്കാന്‍ ട്രൈബല്‍ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്. നിയമം നടപ്പാക്കുന്നത് വൈകുന്നതില്‍ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചിരുന്നു.
വനംകൊള്ളക്കാരില്‍ നിന്നും വനവാസി സമൂഹങ്ങളെ സംരക്ഷിക്കുന്നതിനായി യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാസാക്കിയ നിയമം സംസ്ഥാനങ്ങള്‍ നടപ്പാക്കി തുടങ്ങിയിരുന്നില്ല.
















