മിര്‍പൂര്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറിന്റെ ആരാധകന് സുധീര്‍ ഗൗതമിനു നേരെ ബംഗ്ലാദേശില്‍ ആക്രമണം. ഇന്ത്യ തോറ്റ രണ്ടാം ഏകദിന മല്‍സരത്തിനു ശേഷം തന്നെ ബംഗ്ലാദേശ് ആരാധകര്‍ തന്നെ ആക്രമിച്ചതായി ഗൗതം വെളിപ്പെടുത്തി.
സ്റ്റേഡിയത്തിനു പുറത്തുവച്ചാണു തനിക്കു നേരെ ബംഗ്ലാദേശ് ആരാധകരുടെ ആക്രമണം ഉണ്ടായതെന്ന് സുധീര്‍ വെളിപ്പെടുത്തി. മല്‍സര ശേഷം മടങ്ങാനൊരുങ്ങിയ തന്നെ ബംഗ്ലാദേശ് ആരാധകര്‍ വളയുകയും ഉപദ്രവിക്കുകയുമായിരുന്നു. തന്റെ കൈയിലുണ്ടായിരുന്ന ഇന്ത്യന്‍ പതാകയുടെ പിടി തകര്‍ത്തു. പൊലീസ് തന്നെ ഓട്ടോയില്‍ കയറ്റി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആക്രമികള്‍ പിന്തുടര്ന്നു കല്ലേറ് നടത്തിയതായും സുധീര്‍ പറഞ്ഞു.
ലോകകപ്പ് ക്വര്‍ട്ടറില്‍ ഇന്ത്യയോടു ബംഗ്ലാദേശ് തോറ്റതിന്റെ പ്രതികാരമായാണു തനിക്കു നേരെ ആക്രമണമുണ്ടായതെന്നും ഹിന്ദി ചാനലിനു നല്കിയ അഭിമുഖത്തില്‍ സുധീര്‍ പറഞ്ഞു. ബീഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയായ സുധീര്‍ ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന ഇന്ത്യയുടെ എല്ലാ കളികള്‍ക്കും ഗ്യാലറിയിലെത്താറുണ്ട്. സച്ചിന് ഫാനെന്ന നിലയില്‍ ക്രിക്കറ്റ് ലോകത്ത് പ്രശസ്തനാണ് ഇദ്ദേഹം.
















