ഗാലെ: ടെസ്റ്റ് ക്രിക്കറ്റിന് അപൂര്‍വ്വമായൊരു സൗന്ദര്യമുണ്ട്. അല്ലെങ്കില്‍ ഗാലയിലെ കളി കണ്ടവരോടു ചോദിച്ചുനോക്കൂ. ആദ്യ രണ്ടു ദിനങ്ങളുടെ നല്ലൊരു ഭാഗവും മഴയെടുത്ത ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന് 10 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം.
ലെഗ് സ്പിന്നര്‍ യാസിര്‍ ഷായുടെ മാസ്മരിക പന്തേറാണ് പാക് പടയ്‌ക്ക് വിജയമൊരുക്കിയത്. ഷായുടെ കുത്തിത്തിരിവുകള്‍ താങ്ങാനാവാതെ ലങ്ക രണ്ടാം ഇന്നിങ്‌സില്‍ വെറും 206 റണ്‍സിന് ഓള്‍ ഔട്ടായി. 90 റണ്‍സെന്ന ലക്ഷ്യം അഞ്ചാം ദിനം അതിവേഗം പാക്കിസ്ഥാന്‍ എത്തിപ്പിടിച്ചു. സ്‌കോര്‍: ലങ്ക- 300, 206. പാക്കിസ്ഥാന്‍-417,92/0
ഗാലെയിലെ ഷാ മാജിക്കില്‍ ലങ്ക മയങ്ങിവീണുപോയി. ഓപ്പണര്‍ ദിമുത് കരുണരത്‌നെ (79), കുമാര്‍ സംഗക്കാര (18), ദില്‍രുവാന്‍ പെരേര (0), ക്യാപ്ടന്‍ എയ്ഞ്ചലോ മാത്യൂസ് (5), ദിനേശ് ചന്ദിമല്‍ (38), കിതുരുവാന്‍ വിതനാഗെ (1), രംഗന ഹെറാത്ത് (1) എന്നിവരെല്ലാം ഷായെ നമിച്ചു. പേസര്‍ വഹാബ് റിയാസും രണ്ടു പേരെ മടക്കി.
ചേസ് ചെയ്ത പാക് നിരയെ ഓപ്പണര്‍മാരായ മുഹമ്മദ് ഹഫീസും (46 നോട്ടൗട്ട്), അഹമ്മദ് ഷെഹ്‌സാദും (43 നോട്ടൗട്ട്) ഒരു പോറല്‍പോലുമേല്‍ക്കാതെ ജയതീരത്തിലെത്തിച്ചു. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ പാക്കിസ്ഥാന്‍ 1-0ന് മുന്നിലെത്തി.
















