സാന്റിയാഗോ: ബൊളീവിയയെ ഗോള്‍മഴയില്‍ മുക്കി ആതിഥേയരായ ചിലി കോപ്പി അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലെത്തി. ഇന്നലെ നടന്ന കളിയില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ചിലി എതിരാളികളായ ബൊളീവിയയെ കീഴടക്കിയത്. മൂന്ന് കളികളില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമടക്കം 7 പോയിന്റുള്ള ചിലിയാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍. ചിലിയോട് തകര്‍ന്നടിഞ്ഞെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ബൊളീവിയയും ക്വാര്‍ട്ടറിലെത്തി. നാല് പോയിന്റാണ് ബൊളീവിയക്കുള്ളത്. മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മെക്‌സിക്കോയെ കീഴടക്കിയെങ്കിലും ഗ്രൂപ്പില്‍ മൂന്നാമതായതിനാല്‍ ക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പായിട്ടില്ല.
ബൊളീവിയക്കെതിരായ കളിയല്‍ സ്‌ട്രൈക്കര്‍ ചാള്‍സ് അരാന്‍ഗ്വസിന്റെ ഇരട്ട ഗോളുകളാണ് ചിലിക്ക് മികച്ച വിജയം നേടിക്കൊടുത്തത്. സൂപ്പര്‍ താരം അലക്‌സി സാഞ്ചസും ഗാരി മെഡലും ഓരോ തവണ ബൊളീവിയ വല കുലുക്കിയപ്പോള്‍ അഞ്ചാം ഗോള്‍ റാല്‍ഡസിന്റെ വക ദാനമായിരുന്നു.
ഗോള്‍നില സൂചിപ്പിക്കും പോലെ ചിലിയുടെ അപ്രമാദിത്തമാണ് ബൊളീവിയക്കെതിരെ കണ്ടത്. ആക്രമണമാണ് ഏറ്റവും നല്ല പാഠമെന്ന് മനസ്സിലാക്കിയ ചിലി അലക്‌സി സാഞ്ചസിന്റെയും വിദാലിന്റെയും വര്‍ഗാസിന്റെയും നേതൃത്വത്തില്‍ ആഞ്ഞടിച്ചപ്പോള്‍ ബൊളീവിയന്‍ പ്രതിരോധം ആടിയുലഞ്ഞു. കിക്കോഫ് മുതല്‍ തുടങ്ങി ചിലിയന്‍ അധിനിവേശം. ഈ മൂവര്‍ സംഘം കൈകോര്‍ത്തതോടെ ബൊളീവിയക്ക് നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയായി. മധ്യനിരയില്‍ നിന്ന് വാള്‍ഡീവിയയും മികച്ച പ്രകടനം നടത്തി. മൂന്നാം മിനിറ്റിലായിരുന്നു വര്‍ഗാസിന്റെ പാസ് സ്വീകരിച്ച് അരാന്‍ഗ്വിസ് ആദ്യഗോള്‍ നേടിയത്. അപ്രതീക്ഷിതമായി ഗോള്‍ വഴങ്ങിയതോടെ ബൊളീവിയന്‍ താരങ്ങളുടെ ഒഴുക്ക് നഷ്ടമായി. ലീഡ് നേടിയതോടെ ചിലി താരങ്ങള്‍ എതിര്‍ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി.
ഒമ്പതാം മിനിറ്റില്‍ ജോര്‍ജ് വാല്‍ഡിവിയയുടെ ഷോട്ട് ബൊളീവിയന്‍ ഗോളി രക്ഷപ്പെടുത്തിയപ്പോള്‍ 18-ാം മിനിറ്റില്‍ അലക്‌സി സാഞ്ചസിന്റെ ഷോട്ട് പോസ്റ്റിത്തട്ടിത്തെറിച്ചു. 31-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് സാഞ്ചസ് പായിച്ച മറ്റൊരു ഷോട്ട് ക്രോസ് ബാറില്‍ത്തട്ടി മടങ്ങി. എന്നാല്‍ 37-ാം തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ അലക്‌സി സാഞ്ചസ് ലീഡ് ഉയര്‍ത്തി. സാഞ്ചസ് കൊണ്ടുവന്ന ഒരു മുന്നേറ്റം. പന്ത് ബോക്‌സിലെത്തി വലതു ഭാഗത്ത് വാല്‍ഡിവിയയ്‌ക്ക് നല്‍കി. വാല്‍ഡിവിയ തിരിച്ച് ബോക്‌സിലേക്ക് തന്നെ ക്രോസ് ചെയ്തു. രണ്ട് പ്രതിരോധഭടന്മാര്‍ക്കിടയില്‍ നിന്ന സാഞ്ചസിന് ഹെഡ്ഡര്‍ ഉതിര്‍ക്കുക എന്നത് അല്പം ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, മുട്ടിന്റെ പൊക്കത്തില്‍ പറന്ന് പന്ത് കുത്തിയിട്ട് വല കുലുക്കി ബൊളീവിയയെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു സാഞ്ചസ്. ഇതോടെ ആദ്യപകുതിയില്‍ ചിലി 2-0ന്റെ ലീഡ് സ്വന്തമാക്കി.
രണ്ട് ഗോളുകളുടെ ലീഡ് സ്വന്തമാക്കിയതോടെ സാഞ്ചസിനെയും വിദാലിനെയും കോച്ച് കളത്തില്‍ നിന്ന് പിന്‍വലിച്ചെങ്കിലും ചിലി തകര്‍പ്പന്‍ മുന്നേറ്റങ്ങളുമായി കളം വാണു. 49-ാം മിനിറ്റില്‍ നല്ലൊരു അവസരം തുറന്നെടുത്ത് എല്‍ വെര്‍ദെ ഗോളിനടുത്തെത്തിയെങ്കിലും ഗോളിക്ക് മുന്നില്‍ മുട്ടുമടക്കി. 60-ാം മിനിറ്റില്‍ അരാന്‍ഗ്വിസിന്റെ ഒരു ഷോട്ട് കഷ്ടിച്ചാണ് വലയൊഴിഞ്ഞുപോയത്. ആറു മിനിറ്റിനുള്ളില്‍ ഹെന്റിക്കസിന്റെ പാസില്‍ നിന്ന് അരാന്‍ഗ്യൂസ് രണ്ടാം തവണയും ലക്ഷ്യം കണ്ടു.
വര്‍ഗാസും ഹെന്റിക്കസുമെല്ലാം തുടര്‍ച്ചയായി അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനിടെ 79-ാം മിനിറ്റില്‍ ചിലി നാലാം ഗോളും നേടി. വാള്‍ഡിവിയയുടെ പാസില്‍ നിന്നാണ് സെന്റര്‍ ബാക്കായ മെദല്‍ ഗോള്‍ നേടിയത്.
നാലു ഗോള്‍ വാങ്ങി ബൊളീവിയ നാണം കെട്ടുനില്‍ക്കുമ്പോഴാണ് കൂനിന്മേല്‍ കുരു പോലെ റാള്‍ഡെസ് സ്വന്തം ടീമിന് ഒരു ഗോള്‍ സമ്മാനിച്ചത്. വലതു വിങ്ങില്‍ നിന്നുള്ള ഹെന്റിക്കസിന്റെ ഒരു ക്രോസ് തടയാനായിരുന്നു ശ്രമം. എന്നാല്‍ ബൂട്ടില്‍ നിന്ന് പന്ത് നേരെ പറന്നത് ഗോളി ക്വിനോനെസിന്റെ തലയ്‌ക്ക് മുകളിലൂടെ സ്വന്തം നെറ്റിലേയ്‌ക്ക്.
















