റാന്‍കാഗ്വ: ഇക്വഡോറിനോട് പരാജയപ്പെട്ട് മെക്‌സിക്കോ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടറില്‍ കടക്കാതെ പുറത്തായി. ഗ്രൂപ്പ് എയില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു മെക്‌സിക്കോയുടെ തോല്‍വി. ഇക്വഡോറിനുവേണ്ടി മില്ലര്‍ ബൊലാനോസും എന്നര്‍ വലന്‍സിയയും ലക്ഷ്യം കണ്ടപ്പോള്‍ പെനാല്‍റ്റിയില്‍ നിന്ന് റൗള്‍ ജിമിനെസാണ് മെക്‌സിക്കോയുടെ ഗോള്‍ നേടിയത്. ഇന്നലെ വിജയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മെക്‌സിക്കോക്ക് ക്വാര്‍ട്ടറില്‍ കടക്കാന്‍ കഴിയുമായിരുന്നു. മെക്‌സിക്കോയെ പരാജയപ്പെടുത്തിയെങ്കിലും ഇക്വഡോറും ഏറെക്കുറെ പുറത്താകലിന്റെ വക്കിലാണ്. മൂന്ന് ഗ്രൂപ്പുകളിലെയും മൂന്നാം സ്ഥാനക്കാരില്‍ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് ക്വാര്‍ട്ടറില്‍ കടക്കുക. അതിനാലാണ് ഇക്വഡോറിന്റെ സാധ്യതകള്‍ തുലാസിലായത്.
അഞ്ച് താരങ്ങളെ അണിനിരത്തി മെക്‌സിക്കോ പ്രതിരോധത്തിന് കരുത്തുകൂട്ടിയാണ് കളത്തിലിറങ്ങിയത്. മറുവശത്ത് ഇക്വഡോര്‍ എന്നര്‍ വലന്‍സിയയെ മുന്‍നിരത്തി മികച്ച ആക്രമണങ്ങളിലൂടെ എതിര്‍പ്രതിരോധം പിളര്‍ത്തിയതോടെ മെക്‌സിക്കന്‍ പ്രതിരോധം ആടിയുലഞ്ഞു. തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെച്ച ഇക്വഡോര്‍ 26-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടുകയും ചെയ്തു. അയാളയുടെ ദുര്‍ബലമായ ഒരു ക്ലിയറിങ്ങാണ് ഗോളിനുള്ള വഴി തുറന്നത്. സെന്റര്‍ സര്‍ക്കിളില്‍ നിന്നു ലഭിച്ച പന്ത് മനോഹരമായാണ് ബൊലാനോസ് പെനാല്‍റ്റി ഏരിയയിയില്‍ വലെന്‍സിയക്ക് നല്‍കിയത്. വലെന്‍സിയയുടെ ഷോട്ട് ഒരു പ്രതിരോധനിരക്കാരന്റെ കാലില്‍ തട്ടിത്തെറിച്ച് കിട്ടിയത് ബൊലാനോസിന് തന്നെ. പന്ത് കിട്ടിയ ബൊലാനോസ് പായിച്ച ഷോട്ട് മെക്‌സിക്കന്‍ ഗോളിയെ മറികടന്ന് വലയിലെത്തി.
ഗോള്‍ നേടിയിട്ടും ഇക്വഡോര്‍ പ്രതിരോധത്തിലേയ്‌ക്ക് ഉള്‍വലിഞ്ഞില്ല. വലന്‍സിയയും ബൊലാനോസും മൊണ്‍ടെറയും മെക്‌സിക്കന്‍ ഗോള്‍ ഏരിയയില്‍ നിരന്തരം ഭീഷണി ചെലുത്തിക്കൊണ്ടിരുന്നു. ഇതിനിടെമെക്‌സിക്കോ തിരിച്ചടിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇക്വഡോര്‍ പ്രതിരോധം വിട്ടുകൊടുത്തില്ല. മുന്‍നിരയില്‍ ജിമെനെസിനും വുവോസോയ്‌ക്കും കാര്യമായ അവസരങ്ങള്‍ ലഭിച്ചതുമില്ല. ഇതോടെ ആദ്യപകുതി 1-0ന് കലാശിച്ചു.
പിന്നീട് കളിയുടെ 57-ാം മിനിറ്റിലാണ് ഇക്വഡോര്‍ രണ്ടാം ഗോള്‍ നേടിയത്. ഇക്കുറി മെദിനയുടെ പിഴവാണ് വഴി തുറന്നത്. പന്ത് കിട്ടിയ ബൊലാനോസ് രണ്ടാമതൊന്ന് ആലോചിക്കാതെ പന്തുമായി ഗോള്‍ ലാക്കാക്കി പറന്നു. മൂന്ന് പ്രതിരോധക്കാര്‍ ചേര്‍ന്ന് ബൊലാനോസില്‍ നിന്ന് പന്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടും അവര്‍ക്കിടയിലൂടെ വലന്‍സിയക്ക് നല്ലൊരു പാസ് നല്‍കി. പന്ത് കിട്ടിയ വലന്‍സിയക്ക് ഗോളിയെ മറികടന്ന് നെറ്റ് കുലുക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവന്നില്ല.
രണ്ട് ഗോളിന് പിന്നിലായതോടെ മെക്‌സിക്കോ മുന്നേറ്റ നിര ഉണര്‍ന്നു. മൂന്ന് പകരക്കാരെ ഇറക്കി അവര്‍ ആക്രമണത്തിന് കൂടുതല്‍ മൂര്‍ച്ച കൂട്ടാന്‍ ശ്രമിച്ചു. 59-ാം മിനിറ്റില്‍ അങ്ങനെ അവര്‍ക്ക് മത്സരത്തിലെ ഏറ്റവും മികച്ച അവസരം വീണുകിട്ടുകയും ചെയ്തു. എന്നാല്‍, വുവോസോ തൊടുത്ത ഷോട്ട് നേരെ ചെന്ന് അവസാനിച്ചത് ഗോളി ഡോമിന്‍ഗസിന്റെ കൈയിലാണ്. എന്നാല്‍ 63-ാം മിനിറ്റില്‍ മെക്‌സിക്കോ ഒരു ഗോള്‍ മടക്കുകയും ചെയ്തു. ഒരു കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതിനിടെ അയാളയെ അകിലിയര്‍ അനാവശ്യമായി വീഴ്‌ത്തിയത് പെനാല്‍ട്ടിയിലാണ് കലാശിച്ചത്. ജിമെനെസ് എടുത്ത കിക്കിന് മുന്നില്‍ ഡോമിന്‍ഗസ് നിസ്സഹായനായിരുന്നു.
ഒരു ഗോള്‍ മടക്കിയതോടെ മെക്‌സിക്കോയുടെ ആത്മവിശ്വാസം ഇരട്ടിച്ചെങ്കിലും അത് ഗോളാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇക്വഡോര്‍ അനാവശ്യമായി പ്രതിരോധത്തിലേക്ക് വലിയാത്തത് അവരുടെ പദ്ധതിയുടെ മുനയൊടിച്ചു. ഇക്വഡോര്‍ വലെന്‍സിയയിലൂടെയും ബൊലാനോസിലൂടെയും വീണ്ടും വീണ്ടും ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരുന്നു. സ്‌്രൈടക്കര്‍മാരുടെ മോശപ്പെട്ട ഫിനിഷിങ്ങാണ് മെക്‌സിക്കോയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷപ്പെടുത്തിയത്. മറുഭാഗത്ത് വിരളമായി ലഭിച്ച അവസരങ്ങള്‍ മുതലാക്കന്‍ ജിമെനെസിനും വുവോസോയ്‌ക്കും മൊന്‍ടെരോയ്‌ക്കും ഹെരേരയ്‌ക്കും കഴിഞ്ഞതുമില്ല.
















