മിര്‍പൂര്‍: വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ഏകദിനത്തിനിടെ ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്മാനുമായി കൂട്ടിയിടിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് മാച്ച് ഫീസിന്റെ 75 ശതമാനം പിഴ ചുമത്തി. മുസ്താഫിസഫറും പ്രതിഫലത്തിന്റെ അന്‍പത് ശതമാനം പിഴയൊടുക്കണം. ധോണിയുടേയും മുസ്താഫിസുറിന്റേയും ഭാഗം കേട്ട ശേഷം മാച്ചിന്റെ റഫറിയായ ആന്‍ഡി പൈക്രോഫ്റ്റാണ് ധോണി ഐസിസിയുടെ നിയമം ലംഘിച്ചതായി കണ്ടെത്തി പിഴ ചുമത്തിയത്.
ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ ഇരുപത്തിയഞ്ചാം ഓവറില്‍ റണ്‍ എടുക്കാനായി ഓടുന്നതിനിടെ മുസ്താവിസുറിനെ ധോണി ബലം പ്രയോഗിച്ച് തള്ളുകയായിരുന്നു. ആദ്യമായി ഈ മത്സരത്തിലൂടെ ബൗളറായി അരങ്ങേറ്റം കുറിച്ച മുസ്താവിസുര്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്നും പിന്‍വാങ്ങുകുയും ചെയ്തു. എന്നാല്‍ താന്‍ മനപ്പൂര്‍വ്വം മുസ്താവിസുറിനെ ഇടിച്ചതല്ലെന്നും കളിക്കിടയില്‍ സംഭവിച്ചു പോയതാണെന്നും ധോണി പറഞ്ഞു.
















