സാന്റിയാഗോ: കാനറികളുടെ ചിറകരിഞ്ഞ് കൊളംബിയ കുതിച്ചു. ഇന്നലെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് സിയില്‍ നടന്ന കളിയില്‍ 1-0നാണ് കൊളംബിയ ബ്രസീലിനെ തകര്‍ത്തത്. 36-ാം മിനിറ്റില്‍ ജെയ്‌സണ്‍ മൂറിയോയാണ് കാനറികളുടെ ഹൃദയംപിളര്‍ത്തിയ ഗോൡന്റെ ഉടമ. ഗോള്‍ വീണിട്ടും ഉണര്‍ന്നു കളിക്കാതെയായിരുന്നു ബ്രസീല്‍ ബാക്കി സമയം പോരാടിയത്. നിരവധി അവസരങ്ങളും ബ്രസീല്‍ കളഞ്ഞുകുളിച്ചു.ഒഴിഞ്ഞ പോസ്റ്റില്‍ പോലും ഗോള്‍ നേടാനാവാതെയാണ് ബ്രസീല്‍ കൊളംബിയയ്‌ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്.
24 വര്‍ഷത്തിനുശേഷം ആദ്യമായാണ് ബ്രസീല്‍ കൊളംബിയയോട് തോല്‍ക്കുന്നത്. 1991-ലെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിലായിരുന്നു കൊളംബിയ ബ്രസീലിനെ കീഴടക്കിയത്. അന്ന് 2-0നായിരുന്നു കാനറികള്‍ പരാജയമേറ്റുവാങ്ങിയത്. പരസ്പരം കളിച്ച 28 മത്സരങ്ങളില്‍ ബ്രസീലിനെതിരെ കൊളംബിയയുടെ മൂന്നാം ജയം മാത്രമാണിത്. കഴിഞ്ഞ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ജയം ബ്രസീലിനൊപ്പമായിരുന്നു.
ആദ്യമത്സരത്തില്‍ വെനസ്വേലയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ കൊളംബിയയുടെ ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ കണ്ടത്. ആദ്യ മത്സരത്തില്‍ ബ്രസീല്‍ പെറുവിനെ കീഴടക്കിയിരുന്നു. ഗ്രൂപ്പില്‍ വെനസ്വേലക്കും ബ്രസീലിനും കൊളംബിയക്കും മൂന്ന് പോയിന്റ് വീതമാണുള്ളത്. ഇന്നലെ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അതൊന്നും ഗോളാക്കി മാറ്റുവാന്‍ കഴിയാഞ്ഞ മുന്നേറ്റനിരയുടെ പിഴവാണ് ബ്രസീലിന് തോല്‍വി സമ്മാനിച്ചത്.
കഴിഞ്ഞ ലോകകപ്പിനുശേഷം പരിശീലകനായി ചുമതലയേറ്റ കാര്‍ലോസ് ദുംഗയുടെ രണ്ടാം ഉൗഴത്തിലെ ആദ്യ പരാജയമാണിത്. തുടര്‍ച്ചയായ 11 കളികള്‍ വിജയിച്ചശേഷം ബ്രസീലിന്റെ ആദ്യതോല്‍വിയുമാണ്. എന്നാല്‍ തോല്‍വിയേക്കാളും വലിയ ദുരന്തമാണ് ഫൈനല്‍ വിസില്‍ മുഴങ്ങിയ ശേഷം ബ്രസീല്‍ നേരിട്ടത്. കാനറികളുടെ ക്യാപ്റ്റനും സൂപ്പര്‍താരവുമായ നെയ്‌മര്‍ ചുവപ്പുകാര്‍ഡ് കണ്ടു. കളിയുടെ 36-ാം മിനിറ്റില്‍ ജയ്‌സണ്‍ മുറീയോ ആണ് കൊളംബിയയ്‌ക്കായി വിജയഗോള്‍ നേടിയത്. മത്സരശേഷം കളിക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു നെയ്‌മര്‍ക്കും കൊളംബിയയുടെ കാര്‍ലോസ് ബാക്കയ്‌ക്കും ചുവപ്പു കാര്‍ഡ് കിട്ടിയത്.
ഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ പെറുവിനെതിരെ കളംനിറഞ്ഞുകളിക്കുകയും ഒരു ഗോള്‍ നേടുകയും മറ്റൊന്നിന് വഴിവെക്കുകയും ചെയ്ത് കളിയിലെ താരമായി മാറിയ നെയ്‌മറെയല്ല ഇന്നലെ കൊളംബിയക്കെതിരായ മത്സരത്തില്‍ കണ്ടത്. കളിയുടെ എല്ലാ മേഖലകളിലും നെയ്‌മര്‍ ഏറെക്കുറെ പരാജയമായിരുന്നു. വല്ലപ്പോഴും മാത്രമായിരുന്നു നെയ്‌മറുടെ പ്രതിഭാസ്പര്‍ശമുള്ള നീക്കങ്ങള്‍ ഉണ്ടായത്.
കളിയുടെ 60 ശതമാനവും ബ്രസീല്‍ പന്ത് നയിയന്ത്രിച്ചുനിര്‍ത്തിയെങ്കിലും ഷോട്ടുകളുതിര്‍ക്കുന്നതില്‍ കൊളംബിയന്‍ താരങ്ങളായിരുന്നു മുന്നില്‍. 15 ഷോട്ടുകളാണ് അവര്‍ കളിയിലുടനീളമായി പായിച്ചത്. എന്നാല്‍ ഒരെണ്ണം മാത്രമാണ് വലയില്‍ കയറിയത്. അതേസമയം ബ്രസീല്‍ തൊടുത്ത 9 എണ്ണത്തില്‍ രണ്ടെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും കൊളംബിയന്‍ ഗോളി ഓസ്പിനയെ കീഴടക്കാനുള്ള കരുത്തുണ്ടായിരുന്നില്ല.
കൡയുടെ തുടക്കത്തില്‍ തന്നെ ബ്രസീലിയന്‍ താരം വില്ല്യന്‍ പായിച്ച ഷോട്ട് കൊളംബിയന്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. ഒമ്പതാം മിനിറ്റില്‍ ഫിലിപ്പെ ലൂയിസ് ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് കൊളംബിയന്‍ ഗോളി രക്ഷപ്പെടുത്തി. അധികം കഴിയും മുന്നേ കൊളംബിയന്‍ ക്യാപ്റ്റന്‍ ഫാല്‍ക്കാവോയുടെ ഷോട്ട് ബ്രസീല്‍ പ്രതിരോധത്തില്‍ത്തട്ടിതെറിച്ചു. 22-ാം മിനിറ്റില്‍ ബ്രസീല്‍ താരം ഡാനി ആല്‍വസും തൊട്ടുപിന്നാലെ കൊളംബിയയുടെ യുവാന്‍ ക്വാഡ്രാഡോയും ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഷോട്ടുകള്‍ക്ക് ലക്ഷ്യംപിഴച്ചു. തുടര്‍ന്നും ഇരുടീമുകളും നിരവധി മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ കളിയുടെ 36-ാം മിനിറ്റില്‍ ബ്രസീല്‍ വല കുലുങ്ങി.
ക്വാഡ്രാഡോ എടുത്ത ഫ്രീകിക്ക് ബ്രസീല്‍ ബോക്‌സില്‍ പറന്നിറങ്ങിയത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് കിട്ടിയ ജയ്‌സണ്‍ മുറീയോ ഇടംകാലുകൊണ്ട് പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ കൊളംബിയന്‍ ക്യാപ്റ്റന്‍ ഫാല്‍ക്കാവോ രണ്ട് അവസരങ്ങളും നെയ്‌മര്‍ ഒരു അവസരവും നഷ്ടപ്പെടുത്തി. വലതുവിംഗിലൂടെ പന്തുമായി കുതിച്ചുകയറിയ ഡാനി ആല്‍വസ് ബോക്‌സിലേക്ക് നല്‍കിയ ക്രോസിന് നെയ്‌മര്‍ തലവെച്ചെങ്കിലും ഒസ്പിന തടുത്തു. വീണ്ടും നെയ്‌മര്‍ പന്ത് വലയിലാക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെ ആദ്യപകുതി 1-0ന് സമാപിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ നെയ്‌മറുടെ ഷോട്ട് പുറത്തുപോയി. കളിയുടെ 55-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം റോബര്‍ട്ട് ഫിര്‍മിനോ പാഴാക്കി. ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടുന്നതിന് പകരം ഫിര്‍മിനോ കനത്തഷോട്ടിന് ശ്രമിച്ച് അവസരം പാഴാക്കുന്നത് ബ്രസീല്‍ ആരാധകര്‍ അവിശ്വസനീയതയോടെയാണ് കണ്ടിരുന്നത്. തുടര്‍ന്നും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സമനില പിടിക്കാന്‍ ബ്രസീലിനോ ലീഡ് ഉയര്‍ത്താന്‍ കൊളംബിയക്കോ കഴിഞ്ഞില്ല.
















