നോട്ടിങ്ഹാം: ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് വിജയം. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ വിജയലക്ഷ്യമായ 350 റണ്‍സ് ആറ് ഓവറും 7 വിക്കറ്റുകളും ബാക്കിനിര്‍ത്തി ഇംഗ്ലണ്ട് മറികടന്നു. 97 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളോടെ 106 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോ റൂട്ടും 82 പന്തുകളില്‍ നിന്ന് 12 ഫോറും അഞ്ച് സിക്‌സറുമടക്കം 113 റണ്‍സെടുത്ത ക്യാപ്റ്റന്‍ മോര്‍ഗനുമാണ് ഇംഗ്ലണ്ടിന് അനായാസ വിജയം നേടിക്കൊടുത്തത്.
ഓപ്പണര്‍ ഹെയ്ല്‍സ് 38 പന്തില്‍ നിന്ന് 7 ഫോറും നാല് സിക്‌സറുമടക്കം 67 റണ്‍സും റോയ് 38 റണ്‍സും നേടി. മോര്‍ഗനാണ് മാന്‍ ഓഫ് ദി മാച്ച്. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും രണ്ട് വീതം ജയം നേടി സമനിലയിലാണ് ഇപ്പോള്‍.
നേരത്തേ ടോസ്‌നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് കെയ്ന്‍ വില്ല്യംസണ്‍ (90), എലിയറ്റ് (55 നോട്ടൗട്ട്), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (53) സാന്റ്‌നര്‍ (44), ബ്രണ്ടന്‍ മക്കല്ലം (35) എന്നിവരുടെ മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ് 7 വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് അടിച്ചുകൂട്ടിയത്.
















