ടെമ്യൂകോ (ചിലി): കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് സിയിലെ പോരാട്ടത്തില്‍ ബ്രസീല്‍ വിറച്ചു ജയിച്ചു. കളിയില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയിട്ടും പെറുവിനോട് ഒന്നിനെതിരെ രണ്ട്‌ഗോളുകള്‍ക്ക് കഷ്ടിച്ചാണ് ബ്രസീല്‍ രക്ഷപ്പെട്ടത്. കളിയുടെ ഇഞ്ചുറി സമയത്ത് ഡഗ്ലസ് കോസ്റ്റ നേടിയ ഗോളാണ് കാനറികളെ വിജയത്തിലേക്ക് നയിച്ചത്. ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമായിരുന്നു പെറു തോല്‍വി വഴങ്ങിയത്.
കളി ആരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ പ്രതിരോധപ്പിഴവ് മുതലെടുത്ത് പെറുവിയന്‍ താരം കുയേവ ബ്രസീലിനെ ഞെട്ടിച്ചു. ലോകപ്പിനുശേഷം മറ്റൊരു ദുരന്തം മുന്നില്‍ക്കണ്ട ബ്രസീലിനെ രണ്ട് മിനിറ്റിനുശേഷം ക്യാപ്റ്റന്‍ നെയ്‌മറുടെ എണ്ണം പറഞ്ഞൊരു ഗോളിലൂടെ മത്സരത്തിലേയ്‌ക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തു.സ്വന്തം ബോക്‌സില്‍ ഡേവിഡ് ലൂയിസ് വരുത്തിയ പിഴവാണ് പെറുവിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. ഡേവിഡ് ലൂയിസ് ക്ലിയര്‍ ചെയ്യാന്‍ അമാന്തിച്ചപ്പോള്‍ പന്ത് കിട്ടിയത് ബോക്‌സില്‍ തന്നെ കാത്തുനിന്ന കുയേവയ്‌ക്ക്. ഒരു പ്രതിരോധക്കാരനെ വെട്ടിച്ച് മാറി പന്ത് പിടിച്ചെടുത്ത് കുവേര തൊടുത്ത ഷോട്ടിന് മുന്നില്‍ ബ്രസീലിയന്‍ ഗോളി ജെഫേഴ്‌സണ്‍ നിസ്സഹായനായി. കുവേരയുടെ ആദ്യ അന്താരാഷ്‌ട്ര ഗോള്‍.
എന്നാല്‍ അപ്രതീക്ഷിത ഗോള്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് തിരിച്ചുവരാന്‍ രണ്ട് മിനിറ്റു മാത്രമേ കാനറികള്‍ക്ക് വേണ്ടിവന്നുള്ളൂ. നായകന്‍ നെയ്‌മര്‍ തന്നെ മനോഹരമായൊരു ഗോളിനുള്ള വഴിയൊരുക്കുകയും അത് ഫിനിഷ് ചെയ്യുകയും ചെയ്തു. പന്ത് പെറുവിന്റെ ഏരിയയില്‍ എത്തിച്ചത് നെയ്‌മര്‍. പിന്നീട് പന്ത് കിട്ടിയ ഡാനി ആല്‍വേസ് വലതു വിംഗില്‍ നിന്ന് ക്രോസ് തൊടുക്കുമ്പോള്‍ ബോക്‌സില്‍ കൃത്യമായി നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു നായകന്‍. അതും മാര്‍ക്ക് ചെയ്യപ്പെടാതെ. പന്ത് ഉയരെ ചാടി കുത്തി വലയിലിടാന്‍ നെയ്‌മര്‍ക്ക് ഒട്ടും തന്നെ ആയാസ്സപ്പെടേണ്ടിവന്നില്ല. ബ്രസീലിനുവേണ്ടി കളിച്ച 64-ാം മത്സരത്തില്‍ നിന്ന് നെയ്‌മറുടെ 44-ാം ഗോള്‍.
സമനില പിടിച്ചതോടെ ബ്രസീല്‍ വീണ്ടും പഴയ ബ്രസീലായി മാറി. മികച്ച പാസിങ്ങുകളിലൂടെ നെയ്‌മറും സംഘവും കളിക്കളം അടക്കിവാണു. വലതുവിംഗില്‍ക്കൂടിയായിരുന്നു അവരുടെ മുന്നേറ്റങ്ങള്‍ മുഴുവന്‍. ഇതിന് പിന്നില്‍ ചരടുവലിച്ചത് സൂപ്പര്‍താരവും ക്യാപ്റ്റനുമായ സാക്ഷാല്‍ നെയ്‌മറും. പിന്‍നിരയിലും മധ്യനിരയിലും വിംഗുകളിലുമെല്ലാം നിറഞ്ഞ് കളിച്ച് നെയ്‌മര്‍ ആരാധകരുടെ മനം കവരുകയും ചെയ്തു. പലപ്പോഴും രണ്ടിലധികം പേര്‍ അടങ്ങുന്ന പെറുവിയന്‍ പ്രതിരോധം നെയ്‌മറെ കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചെങ്കിലും ഈ കോട്ടകളെല്ലാം നെയ്‌മറുടെ മികവിനു മുന്നില്‍ പാഴായി.
ചിന്നിച്ചിതറിയ പെറുവിന്റെ പ്രതിരോധത്തിലൂടെ ഊളിയിട്ടിറങ്ങാന്‍ ഫ്രെഡിനോ വില്ല്യനോ ടാര്‍ഡെല്ലിക്കോ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍ എതിര്‍ബോക്‌സില്‍ യഥേഷ്ടം പന്ത് കിട്ടിയിട്ടും ഫിനിഷിങില്‍ അവര്‍ പരാജപ്പെട്ടു. ഫ്രെഡിനുമുണ്ടായിരുന്നില്ല വലിയ ലക്ഷ്യബോധം. പത്താംമിനിറ്റില്‍ ഫ്രെഡിന്റെ ഷോട്ട് പെറു ഗോളി കോര്‍ണറിന് വഴങ്ങി തട്ടിയകറ്റി. തൊട്ടുപിന്നാലെ നെയ്‌മറും അവസരം നഷ്ടപ്പെടുത്തി. 12-ാം മിനിറ്റില്‍ നെയ്‌മറുടെ മറ്റൊരു ഷോട്ട് പെറു പ്രതിരോധനിരതാരത്തിന്റെ കാലില്‍ത്തട്ടി തെറിച്ചു. തൊട്ടുപിന്നാലെ പെറുവിന്റെ കുയേവയുടെ ഷോട്ട് ബ്രസീല്‍ ഗോളി രക്ഷപ്പെടുത്തുകയും ചെയ്തു. 20-ാം മിനിറ്റില്‍ ടാര്‍ഡെല്ലി അവസരം നഷ്ടമാക്കി. 39-ാം മിനിറ്റില്‍ പെറുവിന്റെ കാര്‍ലോസ് ലൊബാറ്റന്റെ ഷോട്ട് ബ്രസീല്‍ ഗോളി രക്ഷപ്പെടുത്തി. ഇതിനെല്ലാം പുറമെ നിര്‍ഭാഗ്യം കൂടി കൂട്ടിരുന്നപ്പോള്‍ ഗോളുകള്‍ ഒന്നൊന്നോയി ബ്രസീലിനെ കൈയൊഴിഞ്ഞു.
എന്നാല്‍ ബ്രസീലിന്റെ പെരുമയെ ഭയക്കാതെയായിരുന്നു പെറുവും ആക്രമണങ്ങള്‍ മെനഞ്ഞത്. എന്നാല്‍ മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവം അവരുടെ മുന്നേറ്റനിരയില്‍ നിഴലിച്ചുനിന്നു. നേരിട്ടുള്ള ഏറ്റുമുട്ടലില്‍ ബ്രസീലിയന്‍ പ്രതിരോധക്കാരെ മറികടക്കാനുള്ള വ്യക്തിഗത ഡ്രിബ്ലിങ് മികവ് ഗുവേരയ്‌ക്കോ ഫര്‍ഫാനോ കുയേവയ്‌ക്കോ ഉണ്ടായിരുന്നില്ല. ഫര്‍ഹാനും കുയേവയ്‌ക്കും നിരവധി അവസരങ്ങളാണ് ഇങ്ങനെ നഷ്ടമായത്. ഇതോടെ ആദ്യപകുതി 1-1ന് സമനിലയില്‍ കലാശിക്കുകയും ചെയ്തു.
രണ്ടാം പകുതിയിലും ആക്രമണ പ്രത്യാക്രമണങ്ങള്‍ക്ക് കുറവൊന്നുമുണ്ടായില്ലെങ്കിലും ഗോള്‍ വിട്ടുനിന്നു. 67-ാം മിനിറ്റില്‍ മൈതാനത്ത് ഏറെക്കുറെ കാഴ്ചക്കാരായി അലഞ്ഞുനടന്ന ടാര്‍ഡെല്ലിക്ക് പകരം ഡഗ്ലസ് കോസ്റ്റയെ ദുംഗ കളത്തിലിറക്കിയതോടെ കളിക്ക് ചൂടുപിടിച്ചു. നെയ്‌മറുടെ ആക്രമണങ്ങള്‍ക്ക് കുറച്ചുകൂടി പിന്തുണ ലഭിച്ചു. എന്നാല്‍, 75-ാം മിനിറ്റില്‍ ഒരു പ്രത്യാക്രമണത്തില്‍ നിന്നു വീണുകിട്ടിയ നല്ലൊരു അവസരം നെയ്‌മറും പാഴാക്കി. സ്വന്തമായി കൊണ്ടുവന്ന പന്ത് നെയ്‌മര്‍ ഇടതു പാര്‍ശ്വത്തില്‍ കോസ്റ്റയ്‌ക്ക് നല്‍കി. കോസ്റ്റ തിരിച്ച് ഒന്നാന്തരമായി ക്രോസ് ചെയ്‌തെങ്കിലും അത് കണ്ക്റ്റ് ചെയ്യാന്‍ നെയ്‌മര്‍ക്കായില്ല. 90-ാം ഡാനി ആല്‍വസ് നല്‍കിയ പാസ് നെയ്‌മര്‍ പോസ്റ്റിലേക്ക് വഴിതിരിച്ചുവിട്ടെങ്കിലും ലക്ഷ്യം അകന്നു. ഇതോടെ മത്സരം സമനിലയില്‍ കലാശിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്തു.
കളി ഇഞ്ചുറി സമയത്തേക്ക് കടന്നതിന്റെ രണ്ടാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ വിജയഗോള്‍ പിറന്നത്. ഇതിനു പിന്നിലും നെയ്‌മര്‍ എന്ന സൂപ്പര്‍താരമായിരുന്നു. സ്വന്തം പകുതിയിയില്‍ നിന്ന് നീട്ടിക്കിട്ടിയ പന്തുമായി മുന്നേറിയ നെയ്‌മറെ തടയാന്‍ നാല് പെറുവിയന്‍ പ്രതിരോധനിരക്കാര്‍ ശ്രമിച്ചെങ്കിലും ഇവര്‍ക്കിടയിലൂടെ ഗ്യാപ്പ് കണ്ടെത്തി നല്‍കിയ പാസ് കിട്ടിയത് കോസ്റ്റക്ക്. തളികയിലെന്നവന്നം നെയ്‌മര്‍ വച്ചുനീട്ടിയ പന്ത് കോസ്റ്റക്ക് ലഭിക്കുമ്പോള്‍ തടയാന്‍ ആരുമുണ്ടായില്ല. പെറു ഗോളിയെ കബളിപ്പിച്ച് കോസ്റ്റ പായിച്ച ഷോട്ട് സൈഡ് പോസ്റ്റിനെ ഉരുമ്മി വലയിലേക്ക് കയറിയപ്പോള്‍ വിജയം കാനറികള്‍ക്ക് സ്വന്തം.
ഒപ്പം കഴിഞ്ഞ ലോകകപ്പിലെ മോശം പ്രകടനത്തിനുശേഷം പുതിയ പരിശീലകന്‍ ദുംഗയുടെ കീഴിലിറങ്ങിയ കാനറികളുടെ തുടര്‍ച്ചയായ പതിനൊന്നാം വിജയവും. ലോകകപ്പില്‍ സെമിയില്‍ ജര്‍മ്മനിയോടും ലൂസേഴ്‌സ് ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനോടും പരാജയപ്പെട്ടശേഷം നടന്ന 11 കളികളില്‍ ഒരു സമനിലയോ പരാജയമോ സ്വന്തമാക്കാതെ അപരാജിത കുതിപ്പാണ് കാനറികള്‍ നടത്തുന്നത്.വ്യാഴാഴ്ച പുലര്‍ച്ചെ 5.30ന് നടക്കുന്ന ബ്രസീലിന്റെ അടുത്ത മത്സരത്തില്‍ എതിരാളികള്‍ കൊളംബിയയാണ്.
















