രന്കാഗ്വ (ചിലി): കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ കൊളംബിയക്ക് അപ്രതീക്ഷിത തോല്‍വി. സൂപ്പര്‍താരങ്ങളായ ജെയിംസ് റോഡ്രിഗസ്, റദമല്‍ ഫാല്‍ക്കാവോ തുടങ്ങിയവര്‍ അണിനിരന്നിട്ടും ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗ്രൂപ്പ് സിയില്‍ കൊളംബിയ തോല്‍വി നേരിട്ടത്.
വെനസ്വേലയാണ് കൊളംബിയക്കെതിരെ അട്ടിമറി വിജയം സ്വന്തമാക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 60-ാം മിനിറ്റില്‍ സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗിന്റെ സ്െ്രെടക്കര്‍ സോളമണ്‍ റോന്‍ഡനാണ് കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പിലെ നാലാം സ്ഥാനക്കാരായ വെനസ്വേലയുടെ വിജയഗോള്‍ നേടിയത്. റോന്‍ഡന്റെ പതിമൂന്നാം അന്താരാഷ്ട്ര ഗോളാണിത്.
സൂപ്പര്താരങ്ങളേറെയുണ്ടായിട്ടും സ്ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്മയാണ് കൊളംബിയക്ക് കളിയില്‍ കണ്ണുനീര് സമ്മാനിച്ചത്. പന്ത് കൂടുതല്‍ കൈവശം വെച്ചതുകൊണ്ടോ കൂടുതല്‍ തവണ പോസ്റ്റ് ലക്ഷ്യംവെച്ച് ഷോട്ടുകള്‍ പായിച്ചതുകൊണ്ടോ കാര്യമില്ല, ഗോളടിച്ചാലേ ജയിക്കാന്‍ പറ്റൂ എന്ന ബാലപാഠം മറന്നതാണ് കൊളംബിയക്ക് വിനയായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബ്രസീലിനോട് 1-0ന് പരാജപ്പെട്ടശേഷം തുടര്‍ച്ചയായ ഏഴ് കളികള്‍ കൊളംബിയ വിജയിച്ചിരുന്നു. ഈ വിജയക്കുതിപ്പിനാണ് ഇന്നലെ വെനസ്വേല തടയിട്ടത്.
കഴിഞ്ഞ ലോകകപ്പില്‍ പരിക്കേറ്റ് കളിക്കാതിരുന്ന ഫാല്‍ക്കാവോ ടീമിന്റെ നായകനായതോടെ കപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ മുന്പിലായിരുന്നു കൊളംബിയ. സൂപ്പര്പേരുകളുടെ വമ്പുണ്ടായിട്ടും കളിയില്‍ അടിമുടി മടിയന്മാരായിരുന്നു കൊളംബിയക്കാര്‍. ഫാല്‍ക്കാവോയും റോഡ്രിഗസും അലസഭാവത്തിലായിരുന്നു മൈതാനത്ത് നിലകൊണ്ടത്.
ഫാല്‍ക്കാവോയ്ക്ക് ഒരിക്കല്‍പ്പോലും വെനസ്വേലന്‍ പോസ്റ്റിലേയ്ക്ക് നിറയൊഴിക്കാനാകാതെ പോയതും റോഡ്രിഗസിന്റെ ഷോട്ടുകള്‍ക്ക് ഗോളി ബരോഹയെ കീഴ്പ്പെടുത്താന്‍ കഴിയാഞ്ഞതുമാണ് മെക്സിക്കോക്ക് തിരിച്ചടിയായത്. മറ്റൊരു സ്ട്രൈക്കറായ കാര്‍ലോസ് ബാക്കയും നിറംമങ്ങി. മധ്യനിരതാരം ക്വാര്‍ഡ്രാഡോ ചില നല്ല മിന്നലോട്ടങ്ങള് നടത്തിയെങ്കിലും ആസൂത്രിത നീക്കം നടത്തുന്നതില്‍ പരാജയപ്പെട്ടു.
എന്നാല്‍ കൊളംബിയയെ അപേക്ഷിച്ച് കൂടുതല്‍ നീക്കങ്ങള്‍ നടത്തിയത് വെനസ്വേലയാണ്. മധ്യനിരയിലാണ് ആപല്‍ക്കരമായ അവരുടെ നീക്കങ്ങള്‍ പിറന്നത്. റോന്ഡാനും ഗുവേരയും വാര്‍ഗാസും മികച്ച ഫോമിലായിരുന്നു. 27-ാം മിനിറ്റില്‍ അവര്‍ ഗോളിനടുത്തെത്തിയെങ്കിലും കൊളംബിയന്‍ ഗോളിയുടെ തകര്‍പ്പന്‍ സേവാണ് അവരെ രക്ഷിച്ചത്.
42-ാം മിനിറ്റിലും വെനസ്വേല കൊളംബിയന്‍ ബോക്സില്‍ ഭീഷണി പടര്‍ത്തിയെങ്കിലും ഗ്വേരയുടെ ഷോട്ട് ഉജ്ജ്വലമായി കുത്തിയകറ്റി ഗോളി ഓസ്പിന വീണ്ടും രക്ഷകവേഷം അണിഞ്ഞു.
രണ്ടാം പകുതിയില്‍ റോഡ്രിഗസും കൊളംബിയയും ഒന്നുണര്‍ന്നെങ്കിലും വെനസ്വേലയെ പോലെ എതിര്‍ഗോള്‍ മുഖത്ത് ഭീതി വിതറാന്‍ അവര്‍ക്കായില്ല. വെനസ്വേല ആക്രമിച്ചു കയറുമ്പോഴെല്ലാം കൊളംബിയന്‍ ഗോള്‍മുഖം വിറച്ചു. ഫല്‍ക്കാവോയ്ക്ക് വെനസ്വേല പൂട്ട് പണിതതു പോലെ റോന്ദോനേയോ ഗുവേരയേയോ തളയ്ക്കാന്‍ കൊളംബിയക്ക് കഴിഞ്ഞില്ല. 59-ാം മിനിറ്റില്‍ റോന്‍ഡന്‍ ഗുവേരയുടെ പാസ് കണക്റ്റ് ചെയ്യാന്‍ കഴിയാതെ പോയത് നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ്.
എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ റോന്‍ഡന്‍ മത്സരത്തിന്റെ വിധി നിര്‍ണ്ണയിച്ച ഗോള്‍ നേടുകയും ചെയ്തു. വലതു ഭാഗത്ത് നിന്ന് വാര്‍ഗാസ് കൊടുത്ത ക്രോസ് ഇടതു ഭാഗത്ത് നിന്ന് ഗുവേര തല:ൊണ്ട് കുത്തി ബോക്സിന്റെ മധ്യത്തിലേയ്ക്ക് ഇട്ടുകൊടുത്തു. പന്ത് നിലം തൊടുംമുന്നേ റോന്‍ഡന്‍ ഉയര്‍ന്നുചാടി പറത്തിയ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഓസ്പിനയെ മറികടന്ന് വലയില്‍ കയറി.
പിന്നീട് 80-ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസിന്റെ തകര്‍പ്പന്‍ ഷോട്ട് വെനസ്വേല ഗോളി പറന്ന് തടുത്തു. തുടര്‍ന്ന് വന്ന റീബൗണ്ട് പന്ത് പിടിച്ചെടുത്ത് കാര്ഡോണയുടെയും വീണ്ടും വലയെ ലക്ഷ്യം വെച്ചെങ്കിലും വെനസ്വേല ഗോളി രക്ഷപ്പെടുത്തി. 19ന് നടക്കുന്ന അടുത്ത മത്സരത്തില്‍ വെനസ്വേല പെറുവുമായി ഏറ്റുമുട്ടും.
















