ഗുവാം: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഗുവാമിനെ നേരിടും. ബെംഗളൂരുവില്‍ നടന്ന ആദ്യ മത്സരത്തില്‍ ഒമാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട ഇന്ത്യക്ക് അടുത്ത റൗണ്ടില്‍ പ്രവേശിക്കാനുള്ള സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ഫിഫ റാങ്കിങില്‍ ഇന്ത്യയേക്കാള്‍ ഏറെ പിന്നിലുള്ള ഗുവാമുമായി മുട്ടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും കോണ്സ്റ്റന്റൈന് ആഗ്രഹിക്കുന്നില്ല. വമ്പന്മാരായ ഇറാനും തുര്ക്ക്മെനിസ്താനുമാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍.
ആദ്യ മത്സരത്തില്‍ ഗുവാം വിജയിച്ചിരുന്നു. തുര്ക്ക്മെനിസ്താനെയാണ് അവര്‍ 1-0ന് കീഴടക്കിയത്. തുര്ക്ക്മെനിസ്താന് പ്രതിരോധനിര താരം സെര്‍ദാര്‍ അന്നാരാസോവ് ദാനമായി സമ്മാനിച്ച സെല്‍ഫ് ഗോളിലായിരുന്നു ഗുവാം അപ്രതീക്ഷിത വിജയം നേടിയെടുത്തത്.
വിജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കാനും ഗുവാമിന് കഴിഞ്ഞു. കഴിഞ്ഞ ദിവസം ഒമാനെതിരെ ഇറങ്ങിയ അതേ ടീമിനെയാകും ഇന്ത്യ ഇന്ന് അണിനിരത്തുക. എന്നാല്‍ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ കൡക്കുന്ന താരങ്ങളുള്ള ഗുവാമിനെ കീഴടക്കുക അത്ര എളുപ്പമാകില്ല.
















