ന്യൂദല്‍ഹി: മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദിയ്‌ക്ക് ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ യാത്രാ നിരോധനം നീക്കുന്നതില്‍ തടസ്സമില്ലെന്ന് ഭാരതസര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത് വിവാദമാക്കാന്‍ ശ്രമം. പോര്‍ച്ചുഗലിലെ ആശുപത്രിയില്‍ കാന്‍സര്‍ ബാധിതയായി കഴിഞ്ഞ ലളിത് മോദിയുടെ ഭാര്യയ്‌ക്കടുത്തേക്ക് പോകുന്നതിന് 2014 ജൂലൈയില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അനുകൂല നിലപാടെടുത്തിരുന്നു. ഭാര്യയുടെ ശസ്ത്രക്രിയയ്‌ക്ക് അനുമതിപത്രം ഒപ്പിട്ടുനല്‍കിയശേഷം ലളിത് മോദി തിരികെ ലണ്ടനിലെത്തുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ വിവാദമാക്കിയിരിക്കുന്നത്.
2010മുതല്‍ ലണ്ടനില്‍ കഴിയുന്ന ലളിത് മോദിയുടെ പാസ്‌പോര്‍ട്ടടക്കമുള്ള യാത്രാരേഖകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് അടക്കം നിരവധി കേസുകളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന ലളിത് മോദിയ്‌ക്ക് യാത്രാനുമതി നല്‍കിയാല്‍ ബ്രിട്ടനും ഭാരതവും തമ്മിലുള്ള നയതന്ത്രബന്ധത്തെ ബാധിക്കുമെന്ന നിലപാട് മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യമന്ത്രാലയം സ്വീകരിച്ചെങ്കിലും സര്‍ക്കാരിന്റെ അവസാന കാലത്ത് നിലപാട് മയപ്പെടുത്തിയിരുന്നു.
ഇതിനിടെ 2014 ജൂലൈയില്‍ ഭാര്യയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ലളിത് മോദി പോര്‍ച്ചുഗീസ് യാത്രയ്‌ക്കായി ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിച്ചു. ഭാരത സര്‍ക്കാരിന് എതിര്‍പ്പില്ലെങ്കില്‍ യാത്രാനുമതി നല്‍കാമെന്ന് ബ്രിട്ടന്‍ അറിയിച്ചു. ഇതേതുടര്‍ന്ന് ഭാര്യയുടെ രോഗവിവരങ്ങളടക്കം കാണിച്ച് ലളിത് മോദി വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി ഇമെയില്‍ വഴി ബന്ധപ്പെടുകയായിരുന്നു. ലളിത് മോദിയുടെ യാത്രാനിയന്ത്രണത്തിന് ഇളവ് അനുവദിക്കുന്നതില്‍ ഭാരതത്തിന് എതിര്‍പ്പില്ലെന്നും ബ്രിട്ടന്റെ നിയമം അനുസരിച്ച് ഇക്കാര്യം തീരുമാനിക്കാമെന്നും സുഷമാ സ്വരാജ് ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടന്റെ തീരുമാനപ്രകാരം ലളിത് മോദിക്ക് പാസ്‌പോര്‍ട്ടും വിസയും ലഭിക്കുകയും പോര്‍ച്ചുഗലില്‍ പോയി ലണ്ടനില്‍ മടങ്ങിയെത്തുകയും ചെയ്തു. ഈ സംഭവമാണ് ഇപ്പോള്‍ വിവാദമാക്കിയിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് നോട്ടീസ് കൊടുത്ത കേസിലെ പ്രതിക്ക് അനുകൂല നിലപാട് സ്വീകരിച്ചു എന്നതാണ് സുഷമാ സ്വരാജിനെതിരായി പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികളിലെ ഒരു വിഭാഗം ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ തികച്ചും മാനുഷിക വശം മാത്രമാണ് ലളിത് മോദിക്ക് ചെറിയ ഇളവ് നല്‍കാന്‍ വിദേശകാര്യമന്ത്രാലയത്തെ പ്രേരിപ്പിച്ചതെന്നും ഭാരത പൗരനെന്ന പരിഗണന വിഷയത്തില്‍ നല്‍കിയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.
















