ന്യൂദല്‍ഹി: വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഏറ്റുപിടിക്കാന്‍ പോലും രാഷ്‌ട്രീയപാര്‍ട്ടി നേതാക്കള്‍ ആദ്യഘട്ടത്തില്‍ തയ്യാറാവാതിരുന്നത് ശ്രദ്ധേയമായി. ടൈംസ് നൗ ചാനലാണ് വിഷയം ഇന്നലെ രാവിലെ മുതല്‍ ഉന്നയിച്ചത്. എന്നാല്‍ ആദ്യഘട്ടത്തില്‍ പ്രതികരിക്കാന്‍ പോലും രാഷ്‌ട്രീയ നേതാക്കളെ കിട്ടിയില്ല.
കോണ്‍ഗ്രസ് ആകട്ടെ പ്രതികരണത്തില്‍ രണ്ടുതട്ടിലുമായി. സുഷമാ സ്വരാജിനെപ്പോലെ ഇത്രയും വിശ്വാസ്യതയുള്ള നേതാവ് തെറ്റുചെയ്യില്ലെന്ന നിലപാടിലായിരുന്നു ദേശീയ രാഷ്‌ട്രീയ നേതൃത്വം. 11 മണിയോടെ സുഷമാ സ്വരാജ് പ്രസ്താവന നടത്തി സംഭവം വിശദീകരിക്കുകയും ചെയ്തു. സമാജ്‌വാദി പാര്‍ട്ടി, ആര്‍ഡെജി, എന്‍സിപി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഔദ്യോഗികമായി തന്നെ സുഷമാ സ്വരാജിനെ അനുകൂലിച്ച് രംഗത്തെത്തി.
സുഷമാ സ്വരാജ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വിഷയത്തെ പര്‍വ്വതീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് പ്രതികരിച്ചു. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് സുഷമാ സ്വരാജിനെപ്പോലൊരു വ്യക്തിക്കെതിരെ പ്രതികരിക്കാന്‍ തങ്ങളില്ലെന്ന് ആര്‍ഡെജി നേതാവ് മനോജ് ഝാ പറഞ്ഞു. നയതന്ത്രതലത്തില്‍ പല തീരുമാനങ്ങളുമെടുക്കുമെന്നും അതൊന്നും വിവാദമാക്കേണ്ടതില്ലെന്നും എന്‍സിപിയും പ്രതികരിച്ചു. മുന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ നിലപാടും ശ്രദ്ധേയമായി.
ഇത്തരത്തില്‍ എന്തെങ്കിലും തീരുമാനം വിദേശകാര്യമന്ത്രാലയം സ്വീകരിക്കണമെന്നുണ്ടെങ്കില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടേണ്ടതുണ്ടെന്നും ആഭ്യന്തരമന്ത്രാലയ അനുമതി ഉണ്ടെങ്കില്‍ ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന് പൂര്‍ണ്ണ അനുമതി ഉണ്ടെന്നും സര്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
















