ലക്‌നോ: ‘ഐ ആം എ കോംപ്ലാന്‍ ബോയി’ ഈ പരസ്യ വാക്ക്യം കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. എനര്‍ജി ഡ്രിങ്കായ കോംപ്ലാന്റേതാണ് ഈ പരസ്യവാക്ക്യം. എന്നാല്‍ ഇനി ഈ വാക്ക്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുക പുഴുക്കളെയാണ്. അതിന് കാരണമുണ്ട്.
ഉത്തര്‍പ്രദേശിലെ ലക്‌നോവിലുളള കടയില്‍നിന്നു വാങ്ങിയ കോംപ്ലാനില്‍ പുഴുക്കളെ കണ്ടെത്തിയതാണ് ഇതിന് കാരണം. ഇതോടെ മാഗിക്ക് പിന്നാലെ കോംപ്ലാനും വിവാദത്തിലേയ്‌ക്ക് കുതിക്കുകയാണ്. ലക്‌നോവിലെ മഹാനഗഹര്‍ സ്വദേശിയായ തനിഷ റായി സിംഘാനിയ വാങ്ങിയ കോംപ്ലാനിലാണു പുഴുവിനെ കണ്ടെത്തിയത്.
ശനിയാഴ്ച താന്‍ വാങ്ങിയ കോംപ്ലാന്‍ മക്കള്‍ക്കു നല്‍കാനുളള പാലില്‍ ചേര്‍ത്ത് അല്പസമയത്തിനുശേഷമാണു പാലിന്റെ ഉപരിതലത്തില്‍ പുഴുക്കളെ കണ്ടത്. വെളുപ്പും കറുപ്പും നിറത്തിലുളള പുഴുക്കളും പ്രാണികളുമാണ് ഇതിലുണ്ടായിരുന്നത്. ഇതേത്തുടര്‍ന്നു ഭക്ഷ്യസുരക്ഷാവകുപ്പിനു പരാതി നല്‍കുകയായിരുന്നു.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോംപ്ലാന്റെ ഉത്പാദകരായ ബ്രിട്ടീഷ് കമ്പനിക്കു ഭക്ഷ്യസുരക്ഷാ അതോറിറ്റി നോട്ടീസ് അയച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് ഇതുവരെ കോംപ്ലാന്റെ ഉത്പാദകര്‍ പ്രതികരിച്ചിട്ടില്ല.
















