കേപ് ടൗണ്‍: സുന്നത്തിനിടെ മുറിഞ്ഞുപോയ ലിംഗം മാറ്റിവച്ചയാള്‍ അച്ഛനാകുന്നു! ദക്ഷിണാഫ്രിക്കക്കാരനായ 22കാരനാണ് ലോകത്തെ ഈ ആദ്യ റെക്കാര്‍ഡിന് ഉടമ. ഡിസംബറിലാണ് ലിംഗം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഇയാളുടെ ഭാര്യ ഇപ്പോള്‍ നാലു മാസം ഗര്‍ഭിണിയാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ആന്ദ്രേ വാന്‍ ഡര്‍ മെര്‍വ് പറഞ്ഞു.നവംബറില്‍ പ്രസവം നടന്നേക്കും. യുവാവിന്റെയും ഭാര്യയുടേയും പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.
സുന്നത്തിലെ അപാകത കാരണം എല്ലാ വര്‍ഷവും ഇവിടെ കുറഞ്ഞത് 250 പേരുടെയെങ്കിലും ലിംഗം മുറിച്ചു കളയേണ്ടിവരുന്നുണ്ടെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.’ സുന്നത്തിലെ അപാകത മൂലം അണുബാധയുണ്ടാകുകയും ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ ലിംഗം മുറിച്ചുമാറ്റുകയുമായിരുന്നു.
ഒന്‍പതു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലാണ് ലിംഗം മാറ്റി വച്ചത്. കേപ്പ് ടൗണിലെ ടൈഗര്‍ ബര്‍ഗ് ആശുപത്രിയും സ്‌റ്റെല്ലന്‍ ബോഷ് സര്‍വ്വകലാശാലയും ചേര്‍ന്ന് നടത്തുന്ന ഗവേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ലിംഗം മാറ്റിവെക്കല്‍ ഓപ്പറേഷനും. അഞ്ചാഴ്ചക്കു ശേഷം യുവാവിന് ലൈംഗിക ശേഷി മടക്കി ലഭിച്ചു. മൂത്രമൊഴിക്കാനും ഇപ്പോള്‍ ഒരു ബുദ്ധിമുട്ടുമില്ല. ഇപ്പോള്‍ പൂര്‍ണ്ണശേഷിയുണ്ട്.ഓപ്പറേഷന്‍ വിജയകരമായ കാര്യം മാര്‍ച്ചിലാണ് പുറത്തുവിട്ടത്. എന്നാല്‍ ലൈംഗിക ശേഷി കിട്ടുമോയെന്ന ആശങ്കയിലായിരുന്നു ഡോക്ടര്‍മാര്‍. വളരെ നേരിയ രക്തക്കുഴലുകളും ഞരമ്പുകളും തുന്നിച്ചേര്‍ക്കുകയായിരുന്നു ദുഷ്‌ക്കരം. ഡോക്ടര്‍ പറഞ്ഞു. വൈദ്യശാസ്ത്രത്തിലെ ഒരു നാഴികക്കല്ലാണിത്. ഒരു അവയവ ദാതാവാണ് ലിംഗം ഇയാള്‍ക്കു മുറിച്ചു നല്‍കിയത്.
ഗര്‍ഭസ്ഥ ശിശുവില്‍ ഇത് ഇയാളുടെ കുട്ടി തന്നെയാണോയെന്നറിയാന്‍ പിതൃത്വ പരിശോധനയൊന്നും നടത്തിയിട്ടില്ല. എന്നാല്‍ ഇരുവരെയും അവിശ്വസിക്കേണ്ട സാഹചര്യം ഒന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.
നേരത്തെ ചൈനയില്‍ ഒരു ലിംഗം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ വിജയിച്ചിരുന്നില്ല. ശരീരം ഇത് തള്ളിയതിനെത്തുടര്‍ന്ന് കൂട്ടിചേര്‍ത്തത് വീണ്ടും മുറിച്ചു മാറ്റേണ്ടിവന്നിരുന്നു. ലോകത്തിന്റെ പലകോണുകളില്‍ നിന്നും ഡോക്ടറെ തങ്ങളുടെ രാജ്യത്തേക്ക് ക്ഷണിച്ച് കോളുകള്‍ വരുന്നുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലാണ് തന്റെ സാന്നിധ്യം കൂടുതല്‍ ആവശ്യം. ഡോ. ആന്ദ്രേ വാന്‍ ഡര്‍ മെര്‍വ് പറഞ്ഞു.
















