ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് വിജയം. മഴ തടസ്സപ്പെടുത്തിയ കളിയില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 13 റണ്‍സിന്റെ വിജയമാണ് ന്യൂസിലാന്‍ഡ് നേടിയത്. ജയത്തോടെ അഞ്ചു മത്സര ഏകദിന പരമ്പരയില്‍ ന്യൂസിലാന്‍ഡ് ഇംഗ്ലണ്ടിനൊപ്പമെത്തി(1-1). സ്‌കോര്‍ ന്യൂസിലാന്‍ഡ് 50 ഓവറില്‍ 398/5. ഇംഗ്ലണ്ട് 46 ഓവറില്‍ 365/9.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് റോസ് ടെയ്‌ലറുടെ അപരാജിത സെഞ്ചുറിയുടെയും (96 പന്തില്‍ 119 നോട്ടൗട്ട്), കെയ്ന്‍ വില്യാംസണ്‍ (88 പന്തില്‍ 93), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (54 പന്തമില്‍ 50), ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം (22 പന്തില്‍ 39), ലൂക്ക് റോഞ്ചി (16 പന്തില്‍ 33), എലിയറ്റ് (15 പന്തില്‍ 32) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 398 റണ്‍സെടുത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചു. ജെ.ജെ.റോയ് (39), അലക്‌സ് ഹെയ്ല്‍സ് (54) സഖ്യം ഒന്നാം വിക്കറ്റില്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് മടങ്ങിയത്.
പിന്നീട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ ബാറ്റിംഗ് വെടിക്കെട്ട് (47 പന്തില്‍ 88) ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കി. ജോസ് ബട്‌ലര്‍ (38 പന്തില്‍ 41), ആദില്‍ റഷീദ് (34), ലിയാം പ്ലങ്കറ്റ് (30 പന്തില്‍ 44) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും വിജയതീരത്തെത്താനായില്ല. 46 ഓവറിനുശേഷം മഴമൂലം മത്സരം നിര്‍ത്തിവെച്ചപ്പോള്‍ ഇംഗ്ലണ്ട് ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 13 റണ്‍സിന് പുറകിലായിരുന്നു. ടെയ്‌ലറാണ് മാന്‍ ഓഫ് ദി മാച്ച്.
















