ഇംഫാല്‍: മണിപ്പൂരില്‍ ഭീകരര്‍ക്കെതിരെയുള്ള നടപടികള്‍ സംസ്ഥാന പോലീസും സൈന്യവും ശക്തിപ്പെടുത്തി. എന്‍എസ്‌സിഎന്‍(കെ) നേതാവുള്‍പ്പെടെ മൂന്നു പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തു.
എന്‍എസ്‌സിഎന്‍ അംചത് മേഖലയുടെ സ്വയം പ്രഖ്യാപിത ചെയര്‍മാന്‍ ഖുമാലോ അബി അനലിനെ ഇംഫാല്‍ പടിഞ്ഞാറന്‍ ജില്ലാ പോലീസാണ് പിടികൂടിയത്. ലാംഫെല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം പരിശോധനയ്‌ക്കിടെ ഇയാള്‍ കുടുങ്ങുകയായിരുന്നു.
എന്‍എസ്‌സിഎന്‍ പ്രവര്‍ത്തകന്‍ പമ്മേയി കാകിലോങ് അറസ്റ്റിലായ രണ്ടാമന്‍. ഇംഫാലിലെ സാഗോല്‍ബാന്‍ഡ് സാലാം ലെയ്‌കെയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
കാങ്‌ലെയ്‌പാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (കെസിപി-എംസി) പ്രവര്‍ത്തകന്‍ മുഹമ്മദ് ജാഹിദ് അലിയാണ് പിടിയിലായ മൂന്നാമന്‍. ഇംഫാല്‍ കിഴക്കന്‍ ജില്ലാ പോലീസ് കമാന്‍ഡോകളും അസം റൈഫിള്‍സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാള്‍ അറസ്റ്റിലായത്.
















