ചെന്നൈ: ചെന്നൈ തീരത്തു നിന്നു കാണാതായ ഡോണിയര്‍ വിമാനത്തില്‍നിന്നുള്ള ബീക്കണ്‍ സിഗ്നലുകള്‍ ലഭിച്ചു. ഐഎന്‍എസ് സാന്തായക് നടത്തിയ തെരച്ചിലില്‍ പുതുച്ചേരിക്ക് സമീപത്തായി നൊവോ ആന്‍ഡ് കറൈലില്‍നിന്നാണ് സിഗ്നല്‍ ലഭിച്ചത്.
പ്രദേശത്തെ ജലത്തില്‍ ഇന്ധനം കലര്‍ന്നതായി വ്യക്തമായിട്ടുണ്ട്. ഇത് വിമാനത്തിന്റെ ഇന്ധനമാണോയെന്നറിയാന്‍ വിദഗ്ധ പരിശോധനയ്‌ക്കായി അയച്ചു.
അതേസമയം, ഡോണിയറിന്റെ ബ്ലാക്‌ബോക്‌സില്‍നിന്നുള്ള സിഗ്നലുകള്‍ ലഭിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വിമാനത്തിന്റെ സോണാര്‍ ലൊക്കേറ്റര്‍ ബീക്കണില്‍നിന്ന് ഇടവിട്ട് 37.5 കിലോഹെട്‌സുള്ള സിഗ്നലുകള്‍ ലഭിച്ചെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഡോണിയറിന്റെ തെരച്ചിലിനായി ഐഎന്‍എസ് സിന്ധു ധ്വജ് ഉള്‍പ്പടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയിലെ മുങ്ങല്‍ വിദഗ്ധരുള്ള പത്തു കപ്പലുകളെയാണ് നിയോഗിച്ചിട്ടുള്ളത്.
ദൈനംദിന പരിശീലനത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ചെന്നൈയില്‍നിന്നു പറന്ന ഡോണിയര്‍ 9.23ഓടെ ട്രിച്ചി റഡാര്‍ സിസ്റ്റത്തില്‍നിന്ന് അപ്രത്യക്ഷമായി. ഡെപ്യൂട്ടി കമാന്‍ഡന്റുമാരായ വിദ്യാസാഗര്‍, എം.കെ. സോണി, സഹ പൈലറ്റ് സുഭാഷ് സുരേഷ് എന്നിവരും ഡോണിയറില്‍ ഉണ്ടായിരുന്നു. വിദ്യാസാഗറാണ് വിമാനം പറത്തിയിരുന്നത്.
















