സാന്റിയാഗോ: കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ചിലിക്ക് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇക്വഡോറിനെയാണ് ചിലി കീഴടക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 67-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അര്‍ട്ടുറോ വിദാലും 84-ാം മിനിറ്റില്‍ എഡ്വേര്‍ഡോ വര്‍ഗാസുമാണ് ചിലിയുടെ വിജയഗോളുകള്‍ നേടിയത്.
പന്ത് കൈവശംവെക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ചിലിയന്‍ താരങ്ങള്‍ മുന്നിട്ടുനിന്നെങ്കിലും പറയത്തക്ക ആധികാരികതയൊന്നും കളിയില്‍ അവര്‍ക്കുണ്ടായില്ല. അഞ്ച് മഞ്ഞക്കാര്‍ഡുകളും ഒരു ചുവപ്പുകാര്‍ഡും കണ്ട കളി പലപ്പോഴും പരുക്കനായി മാറുകയും ചെയ്തു. ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് ചിലിതാരം ഫെര്‍ണാണ്ടസ് രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയത് വിജയത്തിന്റെ നിറംകെടുത്തുകയും ചെയ്തു. യുവാന്‍ കാര്‍ലോസ് പെരേഡസിനെ വീഴ്‌ത്തിയതിനായിരുന്നു മാത്ത്യാസ് ഫര്‍ണാണ്ടസിന് മാച്ചിംഗ് ഓര്‍ഡര്‍ ലഭിച്ചത്.
സ്വന്തം തട്ടകത്തില്‍ തിണ്ണമിടുക്ക് കാട്ടി ജയിക്കാനായെങ്കിലും അത്ര ആവേശകരമായിരുന്നില്ല പലപ്പോഴും ചിലിയുടെ പ്രകടനം. വിദാലും വാല്‍ഡിവിയയും അദ്ധ്വാനിച്ചു കളിച്ചെങ്കിലും പ്രതിഭയ്‌ക്കൊത്ത പ്രകടനമായിരുന്നില്ല അവരുടേത്. സൂപ്പര്‍താരം അലക്‌സി സാഞ്ചസ് കളിയിലുടനീളം മികച്ച പ്രകടനം നടത്തി. ചിലിയുടെ മുന്നേറ്റങ്ങളുടെയെല്ലാം തുടക്കം സാഞ്ചസില്‍ നിന്നായിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ അവര്‍ എതിര്‍ ഗോള്‍മുഖത്തേക്ക് നടത്തിയെങ്കിലും കെട്ടുറപ്പുള്ള ഇക്വഡോറിയന്‍ പ്രതിരോധത്തില്‍ തട്ടി അവയെല്ലാം തകരുന്നതാണ് കണ്ടത്. കളിയുടെ തുടക്കത്തില്‍ തന്നെ രണ്ട് അവസരങ്ങളാണ് അലക്‌സി സാഞ്ചസ് നഷ്ടപ്പെടുത്തിയത്. എങ്കിലും ഇസ്ലാ-സാഞ്ചസ് കൂട്ടുകെട്ട് ഇടതുവിംഗില്‍ക്കൂടി നടത്തിയ പല മുന്നേറ്റങ്ങളും എതിര്‍ബോക്‌സില്‍ അപകട ഭീഷണി സൃഷ്ടിച്ചു. മൈതാനത്തിന്റെ എല്ലാ ഭാഗത്തും സാഞ്ചസ് നിറഞ്ഞുകളിക്കുകയായിരുന്നു. ഇസ്ല പന്തുമായി എത്തുമ്പോള്‍ മുന്‍നിരയിലും അതു കഴിഞ്ഞ് മധ്യനിരയിലേയ്‌ക്ക് ഇറങ്ങി പന്തെടുത്ത് വാല്‍ദിവിയയിലൂടെ എതിര്‍ ബോക്‌സില്‍ പന്തെത്തിച്ചും സാഞ്ചസ് കളംനിറഞ്ഞു. എന്നാല്‍ സാഞ്ചസ് ഉള്‍പ്പെടെയുള്ള സ്‌ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചതോടെ ആദ്യപകുതി ഗോള്‍രഹിതമായി.
രണ്ടാം പകുതിയില്‍ ബെയ്‌സിജോറിന് പകരം വര്‍ഗാസ് ഇറങ്ങിയതോടെ ചിലി മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച കൈവന്നു. 65-ാം മിനിറ്റില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ചിലി ലക്ഷ്യം കാണുകയും ചെയ്തു. വിദാലിനെ അനാവശ്യമായി ബൊലാനസ് വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ചിലി ലീഡ് നേടിയത്. താഴ്ന്നു പറന്ന വിദാലിന്റെ കിക്ക് ലാക്കാക്കി ഇക്വഡോറിന്റെ കരുത്തനായ ഗോളി ഡോമിന്‍ഗസ് പറന്നെങ്കിലും ഫലമുണ്ടായില്ല. കുത്തുറ്റ ഷോട്ട് വലയില്‍. പിന്നീട് 84-ാം മിനിറ്റില്‍ അവര്‍ ലീഡ് ഉയര്‍ത്തുകയും ചെയ്തു. പകരക്കാരനായി കളത്തിലിറങ്ങിയ വര്‍ഗാസായിരുന്നു ഗോളിന്റെ ഉടമ. അലക്‌സി സാഞ്ചസ് ഇക്വഡോറിന്റെ ഹാഫിന്റെ പാതിവഴിയില്‍ നിന്ന കൊടുത്ത ത്രൂപാസ് പിടിച്ചെടുത്ത വര്‍ഗാസ് വലതു കാല്‍ കൊണ്ട് ഇടതു പോസ്റ്റിലേയക്ക് നിറയൊഴിക്കുകയായിുന്നു. ഗോളി ഡോമിന്‍ഗസ് മുഴുനീളെ പറന്നെങ്കിലും വര്‍ഗാസിന്റെ ഹാഫ് വോളിയെ തടയാന്‍ കഴിഞ്ഞില്ല.
രണ്ട് ഗോളുകള്‍ക്ക് പുറെ അവസരങ്ങള്‍ യഥേഷ്ടം ലഭിച്ചിരുന്നു ചിലിക്ക്. ഇക്വഡോറിന്റെ കരുത്തുറ്റ പ്രതിരോധമായിരുന്നു പ്രധാന പ്രതിബന്ധം. അതിനിടയിലൂടെ സാഞ്ചസും ഇസ്ലെയും നുഴഞ്ഞുകയറിയപ്പോഴെല്ലാം ഗോളി ഡോമിന്‍ഗസ് വന്‍മതിലായി നിലയുറപ്പിക്കുകയും ചെയ്തു.
മറുഭാഗത്ത് ഗോള്‍ മടക്കാന്‍ യത്‌നിച്ച ഇക്വഡോറിന് നിര്‍ഭാഗ്യവും കൂട്ടുണ്ടായിരുന്നു. രണ്ടാം പകുതിയില്‍ എന്നര്‍ വലെന്‍സിയയുടെ ഒരു കരുത്തുറ്റ ഹെഡ്ഡര്‍ ചിലി ഗോളി ബ്രാവോയെ കീഴ്‌പ്പെടുത്തിയെങ്കിലും ക്രോസ് ബാറില്‍ ഇടച്ചു മടങ്ങുകയായിരുന്നു. ഇതടക്കം വിരലിലെണ്ണാവുന്ന അവസരങ്ങള്‍ മാത്രമേ ഇക്വഡോറിന് ചിലി ഗോള്‍മുഖത്ത് തുറന്നെടുക്കാന്‍ കഴിഞ്ഞുള്ളൂ.
















