മുംബൈ: രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുമെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശ് പര്യടനത്തിന് ടീം ഡയറക്ടറായി കൂടെയുള്ള ശാസ്ത്രി, തിരികെയെത്തുമ്പോള്‍ മുഴുവന്‍ സമയ പരിശീലകനാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിവര്‍ഷം ഏഴു കോടി രൂപയാകും പ്രതിഫലമെന്നും സൂചന. ബംഗ്ലാദേശില്‍നിന്ന് മടങ്ങിയെത്തിയാല്‍ കാത്തിരിക്കുന്നത് സിംബാബ്‌വെ പര്യടനം. അതു മുതല്‍ ശാസ്ത്രിയുടെ നിയമനം പ്രാബല്യത്തിലാകുമെന്നാണ് ബിസസിഐയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ചുമതലയേറ്റാല്‍ കപില്‍ദേവിനു ശേഷം ഇന്ത്യന്‍ ടീമിനു ലഭിക്കുന്ന ഭാരതീയ പരിശീലകനാകും ശാസ്ത്രി. ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലിയുടെ താത്പര്യമാണ് ശാസ്ത്രിയെ നിയമിക്കാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്.
ശാസ്ത്രിയുടെ രീതികളില്‍ ഏറെ ആകൃഷ്ടനാണ് വിരാട്. പരിശീലകനായിരുന്ന ഡങ്കന്‍ ഫ്‌ളെച്ചര്‍ ലോകകപ്പിനു ശേഷം വിരമിച്ചതോടെയാണ് പുതിയ പരിശീലകനിലേക്ക് ബിസിസിഐയുടെ ശ്രദ്ധ തിരിഞ്ഞത്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഫ്‌ളെച്ചര്‍ പരാജയമായതോടെ ഓസ്‌ട്രേലിയയിലേക്കുള്ള ടീമിനൊപ്പം ശാസ്ത്രിയെ ഡയറക്റ്ററായി അയച്ചിരുന്നു. ശാസ്ത്രിയുടെ ശിക്ഷണത്തില്‍ ഏറെ മെച്ചപ്പെട്ട ടീം, ലോകകപ്പിന്റെ സെമിഫൈനല്‍ വരെയെത്തി.
















