മുംബൈ: ടീം ഇന്ത്യയുടെ കോച്ചാകാന്‍ നിലവില്‍ താല്പര്യമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ പരിശീലകനായി നിയമിക്കപ്പെട്ട ദ്രാവിഡ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് ഇങ്ങനെ പറഞ്ഞത്.
താനിപ്പോള്‍ ഇന്ത്യ എ, അണ്ടര്‍19 ടീമുകളുടെ പരിശീലനത്തിനായാണ് തയ്യാറെടുക്കുന്നതെന്നും ഇപ്പോള്‍ ഇന്ത്യന്‍ കോച്ച് സ്ഥാനത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും ദ്രാവിഡ് പറഞ്ഞു. നേരത്തേ ദ്രാവിഡ് ഇന്ത്യന്‍ കോച്ചാകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ നിലവിലെ താല്‍ക്കാലിക പരിശീലകനും ടീം ഡയറക്ടറുമായ രവിശാസ്ത്രിയും അദ്ദേഹത്തിന്റെ ടീമും മികച്ച പ്രകടനമാണ് നടത്തുന്നതെന്നും വന്മതില് ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ എ, അണ്ടര്‍19 ടീമുകളുടെ ഭാഗമാവുക എന്നത് വലിയ കാര്യമാണെന്നും അതിന് സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. തന്റെ അനുഭവ സമ്പത്ത് ജൂനിയര്‍ ടീമുകള്‍ക്ക് പ്രയോജനകരമായ രീതിയില്‍ ചിലവഴിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
















