565. വിഷ്ണുപാദസമുദ്ഭൂതാഃ – വിഷ്ണുവിന്റെ പാദത്തില്‍ നിന്നുണ്ടായവള്‍. വാമനാവതാരത്തില്‍ ത്രിവിക്രമനായി വളര്‍ന്ന വിഷ്ണുവിന്റെ പാദത്തില്‍ ബ്രഹ്മദേവന് തന്റെ കമണ്ഡലുവിലെ ജലം കൊണ്ട് അഭിഷേകം ചെയ്ത കഥ ‘ഗംഗാ’ എന്ന 563-ാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞു. ആ സംഭവം അനുസ്മരിക്കുന്ന നാമം.
566. ശുദ്ധസത്വസ്വരൂപിണീഃ – സത്വഗുണം രൂപം പൂണ്ടവള്‍. സത്ത്വം, തമസ്സ്, രജസ്സ് എന്നീ ഗുണങ്ങളില്‍ ഏറ്റവും പ്രധാനം സത്ത്വഗുണമാണെന്നു പറയപ്പെടുന്നു. പ്രകാശരൂപവും അനാമയവും പ്രീതിപ്രദവും സര്‍വപാപങ്ങളെയും സ്മരണമാത്രം കൊണ്ടു നശിപ്പിക്കുന്നതുമായ ഗംഗാനദി സന്ദര്ഭവിശേഷംകൊണ്ടു മറ്റു ഗുണങ്ങള്‍ സ്വീകരിക്കുമെങ്കിലും സത്ത്വഗുണം രൂപം പൂണ്ടവളാണ്.
563 മുതല്‍ 566 വരെ നാമങ്ങള്‍ മൂകാംബികാദേവിയെ ഗംഗയായി അവതരിപ്പിക്കുന്നു.
567. തീര്ഥസ്വരൂപാഃ – തീര്‍ഥത്തിന്റെ സ്വരൂപമുള്ളവന്‍. ജനങ്ങളുടെ പാപങ്ങളെയും പാപജന്യമായ ദുഃഖങ്ങളെയും നശിപ്പിക്കുന്ന എന്തിനെയും തീര്‍ത്ഥം എന്നുപറയാം. സവിശേഷമായ ദേവസാന്നിദ്ധ്യമുള്ള സ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍, സാളഗ്രാമം, ശ്രീചക്രം തുടങ്ങിയ പ്രതീകങ്ങള്‍, ഗംഗ, കാവേരി, യമുന തുടങ്ങി പാപനിര്മ്മാര്ജ്ജന ശക്തിയുള്ള നദികളും ജലാശയങ്ങളും. ഭസ്മം, ചന്ദനം തുടങ്ങിയ പ്രസാധനവസ്തുക്കള്, ദേവവിഗ്രങ്ങളില് അഭിഷേകം ചെയ്ത ജലം, കൂവളം രുദ്രാക്ഷം തുളസി തുടങ്ങി പാപനാശ ശക്തിയുള്ള സസ്യങ്ങള്‍ എന്നിങ്ങനെ തീര്ത്ഥസ്വഭാവമുള്ള സ്ഥലങ്ങളും വസ്തുക്കളും നിരവധിയാണ്. ഇവിടെ അടുത്ത നാമം തുളസീ എന്നായതുകൊണ്ട് തുളസിയെയാണ് തീര്ത്ഥസ്വരൂപയായി സ്തുതിക്കുന്നതെന്നു വ്യാഖ്യാനിക്കാം.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: