ന്യൂദല്‍ഹി: കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കേണ്ട കുടിശ്ശികതുക തീര്‍ക്കുന്നതിന് പഞ്ചസാര വ്യവസായത്തിന് 6000 കോടി രൂപയുടെ വായ്‌പ അനുവദിക്കാന്‍ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ളകേന്ദ്ര മന്ത്രിസഭാ സമിതി തീരുമാനിച്ചു. വായ്‌പയുടെതിരിച്ചടവിന് ഒരു വര്‍ഷത്തെ മോറട്ടോറിയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിലെ പലിശയായ 600 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.
കര്‍ഷകരുടെകുടിശ്ശിക വേഗത്തില്‍ തീര്‍പ്പാക്കുന്നത് ഉറപ്പ് വരുത്താന്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളടങ്ങിയ കര്‍ഷകരുടെ പട്ടിക പഞ്ചസാര മില്ലുകള്‍ ബാങ്കുകള്‍ക്ക് കൈമാറണം. മില്ലുകളുടെ പേരില്‍ പണം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. ബാക്കിയുണ്ടെങ്കില്‍ അത് മില്ല് അക്കൗണ്ടില്‍ വകയിരുത്തും. ഈ മാസം 30 ന് മുമ്പ് മൊത്തം കുടിശ്ശികയുടെ 50 ശതമാനമെങ്കിലും കൊടുത്ത് തീര്‍ക്കുന്ന യൂണിറ്റുകള്‍ക്കായിരിക്കും പലിശ ലഭ്യമാക്കുക.
ദേശീയപാത 163ല്‍ തെലങ്കാനയിലെ യാദ്ഗിരി-വാറങ്കല്‍ റൂട്ട് നാലുവരിപ്പാതയാക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നല്‍കി. ദേശീയ പാതവികസന പദ്ധതിയുടെ നാലാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. 1905.23 കോടിരൂപയാണ് പദ്ധതിയുടെ മതിപ്പ് ചെലവ്. ഭൂമി ഏറ്റെടുക്കല്‍, പ്രദേശ വാസികളുടെ പുനരധിവാസം എന്നിവയുടെ ചെലവുകള്‍ ഉള്‍പ്പെടെയാണ് തുക.
മധ്യപ്രദേശില്‍ ദേശീയപാത മൂന്നില്‍ ഗുണ മുതല്‍ ബയോര വരെയുള്ള ഭാഗവും ബയോര മുതല്‍ ദേവാസ് വരെയുള്ള ഭാഗവും നാലുവരിപ്പാതയാക്കുന്നതിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 2815.69 കോടിരൂപയാണ് പദ്ധതിച്ചിലവ്.
















