ഫതുള്ള: ഓപ്പണര്‍ ശിഖര്‍ ധവാന്റെയും മുരളി വിജയിന്റെയും മിന്നുന്ന പ്രകടനത്തില്‍ ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. ധവാന്റെ സെഞ്ചുറിയും (150 നോട്ടൗട്ട്), മുരളി വിജയിന്റെ (89 നോട്ടൗട്ട്) അര്‍ദ്ധസെഞ്ചുറിയുടെയും കരുത്തില്‍ ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 239 റണ്‍സെടുത്തിട്ടുണ്ട്. ഇടയ്ക്ക് മഴ തടസ്സപ്പെടുത്തിയ കളിയില്‍ ആദ്യ ദിനം 56 ഓവര്‍ മാത്രമാണ് കളി നടന്നത്.
അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയാണ് ടീം ഇന്ത്യ ടെസ്റ്റിനിറങ്ങിയത്. രണ്ട് വര്‍ഷത്തിനുശേഷം ടീമില്‍ മടങ്ങിയെത്തിയ ഹര്ഭജന് സിംഗും ആദ്യ പതിനൊന്നില്‍ ഇടംപിടിച്ചു. പേസര്‍മാരായി ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ, വരുണ്‍ ആരോണ്‍ എന്നിവരും സ്പിന്നര്‍മാരായി അശ്വിനൊപ്പം ഹര്ഭജന് സിംഗും. ഏറെക്കാലത്തിനുശേഷമാണ് അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളര്‍മാരുമായി ഇന്ത്യ ടെസ്റ്റിനിറങ്ങുന്നത്. അഞ്ച് ബൗളര്‍മാരുമായാണ് ബംഗ്ലാ കടവുകളും ടെസ്റ്റിനിറങ്ങിയത്. ബംഗ്ലാദേശിന് വേണ്ടി ലിറ്റണ്‍ ദാസ് അരങ്ങേറ്റം കുറിച്ചു.
മുഴുവന്‍ സമയ ടെസ്റ്റ് ക്യാപ്റ്റനായ ശേഷം ഇരുപത്താറുകാരനായ കോഹ്ലി കളിക്കുന്ന ആദ്യ ടെസ്റ്റാണിത്. മഹേന്ദ്രസിങ് ധോണി വിരമിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ യുവനായകന്റെ ഫീല്‍ഡിലെ പ്രകടനം ക്രിക്കറ്റ് വിദഗ്ധരും ആരാധകരും ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇതിനുമുമ്പ് ജനുവരിയില്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ കോഹ്ലി ടീം ഇന്ത്യയെ നയിച്ചിട്ടുണ്ട്.
ടോസ് നേടിയ കോഹ്ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ മെല്ലെയായിരുന്നു സ്കോറിംഗ്. എന്നാല്‍ നിലയുറപ്പിച്ചശേഷം ധവാന് ഏകദിന ശൈലിയില്‍ ബാറ്റ് വീശി. ഇതോടെ സ്കോറിംഗിനും വേഗം കൂടി. എന്നാല്‍ മറുവശത്ത് മുരളി വിജയ് സൂക്ഷിച്ചാണ് കളിച്ചത്. ഇന്ത്യന്‍ സ്കോര്‍ വിക്കറ്റ് നഷ്ടപ്പെടാതെ 107 റണ്‍സിലെത്തിയപ്പോഴാണ് മഴയെത്തിയത്. പിന്നീട് മഴക്കുശേഷം കളി പുനരാരംഭിച്ചെങ്കിലും ബംഗ്ലാ ബൗളര്‍മാര്‍ ധവാനും വിജയിനും മുന്നില്‍ നിസ്സഹായരായി.
101 പന്തില്‍ 16 ബൗണ്ടറികളോടെ ധവാന് സെഞ്ചുറി നേടി. കരിയറില്‍ പതിനാലാം ടെസ്റ്റ് കളിക്കുന്ന ധവാന്റെ മൂന്നാം സെഞ്ചുറിയായിരുന്നു ഇന്നലെ പിറന്നത്. 2014 ഫെബ്രുവരിയില്‍ ന്യൂസിലാന്‍ഡിനെതിരെ സെഞ്ചുറി നേടിയശേഷം ആദ്യത്തേതും. ഇതിനിടെ മുരളി വിജയ് അര്‍ദ്ധസെഞ്ചുറിയും നേടി. ബംഗ്ലാ ബൗളര്‍മാര്‍ പഠിച്ചപണി പതിനെട്ടും പറ്റിയിട്ടും ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞില്ല. ആദ്യദിവസത്തെ കളിനിര്‍ത്തുമ്പോള്‍ 158 പന്തില്‍ നിന്ന് 21 ബൗണ്ടറികളോടെ 150 റണ്‍സാണ് ധവാന്റെ സാമ്പാദ്യം. 178 പന്തുകളില്‍ നിന്ന് എട്ട് ഫോറും ഒരു സിക്സറുമടക്കമാണ് വിജയ് 89 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്നത്.
















