ധാക്ക: വിരാട് കോഹ്‌ലിക്കു കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പുതു യുഗത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റിനെ ശ്രദ്ധാകേന്ദ്രമാക്കു വസ്തുത അതാണ്. എന്നാല്‍ ടീമിനെക്കാളുപരി ഒരു വ്യക്തിക്ക് ഫത്തുള്ള ടെസ്റ്റ് അതിനിര്‍ണായകം. വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിനെ സേവിച്ച സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന്. ബംഗ്ലാ കടുവകള്‍ക്കെതിരെ കസറിയാല്‍ ഹര്‍ഭജന് അന്താരാഷ്‌ട്ര കരിയറിന്റെ ആയുസ് നീട്ടിയെടുക്കാം. അതല്ലെങ്കില്‍ പുതു തലമുറയ്‌ക്ക് വഴിമാറിക്കൊടുക്കാം.
2013ന്റെ തുടക്കത്തില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഹര്‍ഭജന്‍ അവസാനമായി ഇന്ത്യയ്‌ക്കുവേണ്ടി ടെസ്റ്റ് കുപ്പായം അണിഞ്ഞത്. 2011ലെ ഇംഗ്ലീഷ് പര്യടനത്തിലെ നിറംമങ്ങലിനെ തുടര്‍ന്ന് തഴയപ്പെട്ട ഭാജിയെ ഇംഗ്ലണ്ടിനെതിരായ സ്വന്തം നാട്ടിലെ പരമ്പരയിലും അവസരം നല്‍കിയിരുന്നു. പക്ഷേ, പഴയ ഫോമിലെത്താന്‍ ഭാജിക്കായില്ല. പിന്നെ ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമെല്ലാം ഹര്‍ഭജനെ മറക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചു. ഇനിയൊരിക്കലും മടങ്ങിവരവുണ്ടാകില്ലെന്നു കടുത്ത ആരാധകര്‍ പോലും കരുതിയിരിക്കെയാണ് ഹര്‍ഭജന് അപ്രതീക്ഷിത നറുക്കുവീണത്. ഐപിഎല്ലിന്റെ ഇക്കഴിഞ്ഞ എഡിഷനില്‍ പുതിയൊരു ഹര്‍ഭജനെ ഏവരും കണ്ടു.
കൗശലപൂര്‍ണമായിരുന്നു അദ്ദേഹത്തിന്റെ പന്തേറ്. സ്വന്തം പന്ത് അതിര്‍ത്തി കടക്കുമ്പോള്‍ ഹര്‍ഭജന്‍ അസ്വസ്ഥനായില്ല. സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടുമില്ല. എങ്കിലും ടെസ്റ്റ് കളിക്കാന്‍ ഐപിഎല്‍ പോരെന്ന വിമര്‍ശനം പ്രബലമായി നിലനില്‍ക്കുന്നു. രഞ്ജി ട്രോഫിയില്‍ അത്ര ശ്രദ്ധകേന്ദ്രീകരിക്കാത്ത പശ്ചാത്തലത്തില്‍ വിമര്‍ശനങ്ങളുടെ മൂര്‍ച്ചയേറുന്നതും സ്വാഭാവികം. അതിനെല്ലാം പന്തുകൊണ്ട് മറുപടി പറഞ്ഞേ തീരു ഭാജിക്ക് ഇക്കുറി.
















