ധാക്ക: ടെസ്റ്റ് ക്രിക്കറ്റിലെ ധോണിയില്ലാക്കാലത്തിന് ഇന്നു തുടക്കം. ബംഗ്ലാദേശുമായുള്ള ഏക ടെസ്റ്റിന് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ വിരാട് കോഹ്ലിയിലെ യുവരക്തം പൂര്‍ണ ചുമതലയുള്ള നായകന്റെ വേഷം നടാടെ അണിയും. സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ്ങിന് അവസരം ലഭിക്കുമോയെന്നതും ഏവരും ഉറ്റുനോക്കുന്നകാര്യം. ഇന്ത്യയ്ക്കെതിരെ കന്നി ടെസ്റ്റ് ജയം ബംഗ്ലാ കടുവകളുടെ ഉന്നം.
ഫതുള്ളയിലെ ഖാന് സാഹേബ് ഉസ്മാന് അലി സ്റ്റേഡിയം മത്സരവേദി.
കളിക്കണക്കിലും താരബലത്തിലും ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട്. ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത് ഏഴു തവണ. അതില്‍ ആറെണ്ണത്തിലും ഇന്ത്യ ജയിച്ചു. ഒരു ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. എങ്കിലും ആതിഥേയരെ എഴുതിത്തള്ളാനാവില്ല. സമീപകാലത്തായി ഏറെ മെച്ചപ്പെട്ട ടീം ഏതെന്നതിനുത്തരം ബംഗ്ലാദേശാണ്.
ശിഖര്‍ ധവാന് ഓപ്പണറുടെ സ്ഥാനത്ത് എത്തിയേക്കുമെന്നതാണ് ഇന്ത്യന്‍ ക്യാംപിലെ പ്രധാനവാര്‍ത്ത. മുരളി വിജയ് ശിഖറിന്റെ സഹ ഓപ്പണറാവാന്‍ സാധ്യതയേറെ. കെ.എല്‍. രാഹുലിന്റെ പരിക്ക് ടീമില്‍ ഇടം നേടാന്‍ ധവാനെ സഹായിക്കും. മധ്യനിരയില്‍ ചേതേശ്വര്‍ പൂജാരയും രോഹിത് ശര്മ്മയുമുണ്ടാവും. പേസ് നിരയെ നയിക്കുക ഉമേഷ്യാദവായിരിക്കും. ഭുവനേശ്വര്‍ കുമാറും ഇഷാന്ത് ശര്‍മ്മയും അവശേഷിക്കുന്ന ഒരിടത്തിനു മല്ലിടും.
സ്പിന്‍ ലൈനപ്പില്‍ അശ്വിനൊപ്പം ഭാജിക്ക് അവസരം നല്‍കാനാണ് സാധ്യത. ഓള് റൗണ്ടര്‍ മുഹമ്മദുള്ളയുടെ പരിക്കാണ് ബംഗ്ലാദേശിന്റെ പ്രധാന തലവേദന. മുഹമ്മദുള്ളയ്ക്ക് പകരം നാസര്‍ ഹുസൈന് കളിച്ചേക്കും. പേസര്‍ റൂബള് ഹുസൈന്റെ വരവ് ബംഗ്ലാദേശിന് ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല.
















