ആലപ്പുഴ: സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേതൃത്വം നല്‍കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റും കെസിഎ പ്രസിഡന്റുമായ ടി.സി. മാത്യു പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുമ്പോള്‍ അന്താരാഷ്‌ട്ര തലത്തില്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം നടത്തുന്നത് നാടിന്റെ ടൂറിസം വികസനത്തിന് ഏറെ ഗുണകരമാണ്.
സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ മുടക്കി പരസ്യവും മറ്റും ചെയ്യുമ്പോള്‍ ക്രിക്കറ്റ് മത്സരങ്ങളിലൂടെ പണം മുടക്കാതെ തന്നെ അന്താരാഷ്‌ട്ര തലത്തില്‍ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് പരസ്യം നല്‍കാന്‍ കഴിയും.
മിഷന്‍ 2020 പദ്ധതി പ്രകാരം കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്‌റ്റേഡിയവും തിരുവനന്തപുരത്തും കൊച്ചിയിലും മള്‍ട്ടിപ്പള്‍ സ്‌റ്റേഡിയവും നിര്‍മ്മിക്കാനാണ് തീരുമാനം. 2017 ഓടെ തന്നെ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം തന്നെ അഞ്ച് സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. അസോസിയേഷന്റെ കീഴിലുള്ള 25 അക്കാദമികളിലായി നാന്നൂറോളം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. അവരുടെ വിദ്യാഭ്യാസം, ഭക്ഷണം തുടങ്ങി മുഴുവന്‍ ചെലവുകളും അസോസിയേഷനാണ് വഹിക്കുന്നത്.
കേരളത്തിന് ക്രിക്കറ്റ് കള്‍ച്ചര്‍ ഇല്ലാത്തതാണ് കൂടുതല്‍പേര്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ വളര്‍ന്നുവരാന്‍ തടസമാകുന്നത്. ക്രിക്കറ്റ് കളി കേവലം ഉല്ലാസത്തിനായി കാണുന്നതാണ് നമ്മുടെ രീതി. സംസ്ഥാനത്തെ സ്‌കൂളുകളിലെ 99 ശതമാനം കായികാദ്ധ്യാപകരും ക്രിക്കറ്റ് അടിസ്ഥാനമില്ലാത്തവരാണെന്നും മാത്യു ചൂണ്ടിക്കാട്ടി. ക്രിക്കറ്റ് രംഗം സമ്പന്നര്‍ക്ക് മാത്രമുള്ളതല്ലെന്ന് തെളിയിക്കാന്‍ കഴിഞ്ഞു.
ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മ്മിച്ച ആലപ്പുഴ എസ്ഡി കോളേജിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഗ്രൗണ്ട് ശനിയാഴ്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി രമേശ് ചെന്നിത്തല ഗ്രൗണ്ട് ഉദ്ഘാടനം നിര്‍വഹിക്കും. എസ്ഡി കോളേജ് മാനേജര്‍ ജെ. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും.
മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് അസോസിയേഷന്‍ ഗ്രൗണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനും കോളേജ് മാനേജ്‌മെന്റും ഒപ്പിട്ട ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രൗണ്ട് 15 വര്‍ഷത്തേക്ക് കെസിഎയ്‌ക്ക് കൈമാറിയത്. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് എ.എം. നൗഫല്‍, സെക്രട്ടരി അഡ്വ. ശ്രീജിത് വി.നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















