ന്യൂദല്‍ഹി: സിംഗപ്പൂര്‍ മുന്‍വിദേശകാര്യമന്ത്രി ജോര്‍ജ്ജ് യോയെ നാളന്ദ വിശ്വവിദ്യാലയത്തിന്റെ ചാന്‍സലര്‍ ആയി കേന്ദ്രവിദേശകാര്യമന്ത്രാലയം നിയമിച്ചു. സര്‍വ്വകലാശാല ഭരണസമിതി അംഗമായിരുന്നു. അമര്‍ത്യസെന്നിന്റെ ഒഴിവിലാണ് ജോര്‍ജ് യോയെ നിയമിച്ചിരിക്കുന്നത്.
2012ല്‍ രാജ്യം ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി ആദരിച്ച 60കാരനായ യോ, നാളന്ദ വിശ്വവിദ്യാലയത്തിന്റെ തുടക്കം മുതല്‍ ചരിത്രഗവേഷണ, പാരിസ്ഥിതിക വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് ഉപദേശം നല്‍കിവരുന്നു. 2015 ജനുവരി 13ന് അമര്‍ത്യസെന്നിന് രണ്ടാമൂഴം നല്‍കാന്‍ തീരുമാനിച്ചുകൊണ്ട് നടന്ന ഭരണസമതിയോഗത്തിന്റെ അധ്യക്ഷനും യോ ആയിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ അമര്‍ത്യസെന്‍ രണ്ടാമൂഴം വേണ്ടെന്നുവെച്ച് നാളന്ദയോട് വിടപറഞ്ഞു.
പുരാതനവും പ്രൗഢവുമായിരുന്ന നാളന്ദ സര്‍വ്വകലാശാലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു നല്‍കിയത് തുടക്കം മുതല്‍ തന്നെ യോ ഉള്‍പ്പെടെയുള്ള ആഗോളവിദഗ്ധരാണ്.
















