ന്യൂദല്‍ഹി: സമാധാനാന്തരീക്ഷത്തില്‍ മാത്രമേ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ നടക്കൂ എന്നു പറഞ്ഞ വിദേശകാര്യ വകുപ്പു മന്ത്രി സുഷമാ സ്വരാജ്, ഭാരതത്തില്‍ ഭീകരപ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുകയാണ് അതിനവര്‍ ആദ്യം ചെയ്യേണ്ടതെന്നു വ്യക്തമാക്കി. സര്‍ക്കാരിന്റെ ഒരുവര്‍ഷ നേട്ടം വിവരിക്കാന്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു സുഷമ.
മൂന്നു തത്വങ്ങള്‍ പാക്കിസ്ഥാന്റെ കാര്യത്തിലുണ്ട്. ചര്‍ച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും, മൂന്നാമതൊരു കക്ഷിയില്ലാതെ ഉഭയകക്ഷി തലത്തിലായിരിക്കും ചര്‍ച്ച, ഭീകര പ്രവര്‍ത്തനങ്ങളില്ലാത്ത സാഹചര്യത്തിലേ ചര്‍ച്ച നടക്കൂ, സുഷമ വ്യക്തമാക്കി.
പാക്കിസ്ഥാനുമായി സമാധാനാന്തരീക്ഷം ഉണ്ടാവണം. അതിന് ലഖ്‌വിയെ പോലുള്ള ഭീകരര്‍ക്കെതിരെ കര്‍ക്കശ നടപടിവേണം. ചൈനയും ഭാരതവുമായുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകും. പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കും, എന്നാണെന്നു തീരുമാനിച്ചിട്ടില്ല, സുഷമ പറഞ്ഞു.
മന്ത്രിയെന്ന നിലയില്‍ എന്താണു വിജയ രഹസ്യമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞു നിന്ന് സ്വന്തം ജോലി ആത്മാര്‍ത്ഥതയോടെ ചെയ്യുന്നതാണെന്ന് സുഷമാ സ്വരാജ് പറഞ്ഞു.
















