പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സപ്തംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ നടക്കാനിരിക്കെ തെരഞ്ഞടുപ്പ് രാഷ്‌ട്രീയ ചിത്രംഅടുത്തമാസങ്ങളില്‍ തെളിഞ്ഞേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയ ബിജെപിയെ തളയ്‌ക്കാന്‍ ജനതാദള്‍ യുണൈറ്റഡും (ജെഡിയു), രാഷ്‌ട്രീയ ജനതാദളും (ആര്‍ജെഡി) ലയിക്കാന്‍ തീരുമാനിച്ചെങ്കിലും കാര്യങ്ങള്‍ വിജയത്തില്‍ എത്തിയിട്ടില്ല.
ലയനം തിരിച്ചടിയാകുമെന്നാണ് ഒരു കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം ഇരു കക്ഷികളും സഖ്യത്തില്‍ മത്സരിച്ചാല്‍ വന്‍ മുന്നേറ്റ മുണ്ടാക്കാമെന്നിവര്‍ പറയുന്നു. 243 അംഗ സഭയില്‍ ഭൂരിപക്ഷം കിട്ടിയാല്‍ ആര് മുഖ്യമന്ത്രിയാകുമെന്നതും വലിയ പ്രശ്‌നത്തിനിടയാക്കും. നിതീഷ് കുമാറും ലാലുപ്രസാദ് യാദവും ഒരു പോലെ അവകാശ വാദവുമായി രംഗത്തെത്തും. അത്‌കൊണ്ടുതന്നെ ലയനവും മറ്റും കാത്തിരുന്നു കാണേണ്ട കാര്യം തന്നെയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും നാലു സീറ്റുമാത്രം നേടിയ കോണ്‍ഗ്രസിന് വലിയ റോളില്ല. ജെഡിയുമായി ചേര്‍ന്ന് എന്തെങ്കിലും നേട്ടമുണ്ടാക്കുവാനാകുമോയെന്ന ചിന്തയാണ് ഇവര്‍ക്കുള്ളത്.
ജെഡി-യു, ആര്‍ജെഡി, സമാജ്‌വാദി പാര്‍ട്ടി തുടങ്ങി ആറു കക്ഷികള്‍ ചേര്‍ന്നാണ് ലയന തീരുമാനം പ്രഖ്യാപിക്കുകയും സാമജ്‌വാദിപാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെ പ്രസിഡന്റായി പ്രഖ്യാപിക്കുകയും ചെയ്തത്. അതേസമയം സമാജ്‌വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവിനെ പോലെയുള്ള നേതാക്കള്‍ ലയനം തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന നിലപാടിലാണ്. സീറ്റു വിഭജനവും വലിയ കീറാമുട്ടി തന്നെയാണ്. ലയനം ജെഡി-യു, ആര്‍ജെഡി പാര്‍ട്ടികളിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ അംഗീകരിക്കുവാനായിട്ടില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തില്‍ മത്സരിച്ച ജെഡിയുവിന് 115 സീറ്റും ബിജെപിക്ക് 91 സീറ്റുമാണ് ലഭിച്ചത്. ആര്‍ജെഡിക്ക് 22ഉം കോണ്‍ഗ്രസിന് നാലും. ജെഡി-യു, ആര്‍ജെഡി ലയനം ബിജെപിക്ക് അനുകൂലമാകുമെന്നാണ് കണക്കുകൂട്ടല്‍. ജെഡിയുവില്‍ നിന്നും പുറത്തായ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മഹാദളിത് സഖ്യവുമായി ചേര്‍ന്ന് ബിജെപി മത്സരിച്ചേക്കുമെന്ന സൂചനകളാണ് ഇപ്പോഴുള്ളത്. അങ്ങനെയെങ്കില്‍ ലാലു-നിതീഷ് സഖ്യത്തിന് അത് വലിയ വെല്ലുവിളിയായിരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെതുപോലെ തന്നെ വന്‍മുന്നേറ്റം നടത്തി ഭരണം പിടിച്ചെടുക്കാന്‍ ഇത് ബിജെപിയെ സഹായിച്ചേക്കുമെന്നാണ് വിശകലനക്കാര്‍ പറയുന്നത്.
















