ജമൈക്ക: വെസ്റ്റിന്‍ഡീസിന്റെ മധ്യനിര ബാറ്റ്സ്മാന് ശിവനാരായണ്‍ ചന്ദര്‍പോളിന് മാന്യമായ വിടവാങ്ങലിന് അര്‍ഹതയുണ്ടെന്ന് ഇതിഹാസ താരം ബ്രയാന്‍ ലാറ. സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് വിടപറയാന്‍ ബിസിസിഐ ഒരുക്കിയതുപോലൊരു അവസരം ചന്ദര്‍പോളിനു നല്‍കണമായിരുന്നുവെന്നും ലാറ പറഞ്ഞു.
ഇടംകൈയന്‍ ബാറ്റ്സ്മാനോടുള്ള വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെയും സെലക്റ്റര്‍മാരുടെയും സമീപനത്തെയും ലാറ നിശിതമായി വിമര്‍ശിച്ചു. അടുത്ത് അരങ്ങേറുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍നിന്ന് ചന്ദര്‍പോളിനെ ഒഴിവാക്കിയിരുന്നു. ഇതോടെ, നാല്‍പ്പതുകാരനായ താരത്തിന്റെ രാജ്യാന്തര കരിയറിന് അന്ത്യമായെന്നാണ് വിലയിരുത്തല്‍.
ചന്ദര്‍പോളിന്റെ കരിയര്‍ പരിശോധിക്കുന്ന ആര്‍ക്കും അദ്ദേഹത്തിന് മികച്ച രീതിയില്‍ വിരമിക്കാന്‍ അവസരം നല്‍കാമായിരുന്നുവെന്ന് മനസിലാകുമെന്നും ലാറ പറഞ്ഞു. വിന്‍ഡീസ് ക്രിക്കറ്റ് അസോസിയേഷനും ചന്ദര്‍പോളിനെ ഒഴിവാക്കിയ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ചു.
















