പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ അഞ്ചാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ച് രണ്ടാം റൗണ്ടില്‍. ആദ്യ മുഖാമുഖത്തില്‍ ബെര്‍ഡിച്ച് ജപ്പാന്റെ സീഡില്ലാ താരം യോഷിഹിതോ നിഷിയോക്കയെ 6-0, 7-5, 6-3 എന്ന സ്കോറിന് തോല്‍പ്പിച്ചു.
പരിചയസമ്പന്നനായ ബെര്ഡിച്ചിനു മുന്നില്‍ രണ്ടാം സെറ്റില്‍ മാത്രമേ നിഷിയോക്കയ്്ക്ക് പൊരുതിനോക്കാനെങ്കിലുമായുള്ളു. മറ്റൊരു മത്സരത്തില്‍ ഇറ്റലിയുടെ ഫാബിയോ ഫോഗിനി ജാപ്പനീസ് പ്രതിനിധി ടാറ്റ് സുമ ഇറ്റോയെ അനായാസം കീഴടക്കി(6-3, 6-2, 6-2).
വനിതകളില്‍ അലീസെ കോര്‍നെറ്റ്, സ്പെയിനിന്റെ കാര്‍ല സുവാരസ് നവാരോ, ജര്‍മനിയുടെ എയ്ഞ്ചലിക് കെര്‍ബര്‍, ഓസ്ട്രേലിയയുടെ സാമന്ത സ്റ്റോസര്‍ തുടങ്ങിയവര്‍ രണ്ടാം റൗണ്ടിലെത്തി.
ഇറ്റലിയുടെ റോബര്‍ട്ട വിന്‍സിയെ മടക്കിയയച്ചാണ് ഫ്രാന്‍സിന്റെ കോര്‍നെറ്റ് അടുത്തവട്ടത്തിലേക്ക് ടിക്കറ്റെടുത്ത്. പോളണ്ടിന്റെ ആഗ്നിയേസ്ക റഡവാന്‍സ്കയെ ജര്‍മന്‍ പ്രതിയോഗി ആനി ബെക്ക് അട്ടിമറിച്ചു (6-2, 3-6, 6-1). പുരുഷന്മാരില് ബെര്‍ണാഡ് ടോമിക് (ഓസ്ട്രേലിയ), ഗില്ലെര്‍മോ സിമോണ്‍ (ഫ്രാന്‍സ്) എന്നിവര്‍ പ്രയാണം തുടര്‍ന്നു. സ്പെയിനിന്റെ ഫെലിസിയാനോ ലോപ്പസിന് ആദ്യകളിയില്‍ അടിതെറ്റി.
















