ലണ്ടന്‍: സംഭവബഹുലമായിരുന്നു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ തിരശീല താഴ്‌ത്തല്‍. ഇതിഹാസങ്ങളായ സ്റ്റീവന്‍ ജെറാഡിന്റെയും ഫ്രാങ്ക് ലംപാര്‍ഡിന്റെയും വ്യത്യസ്ത വിടവാങ്ങലുകള്‍, കപ്പുയര്‍ത്തി നിന്ന ചെല്‍സിയുടെ ചന്തം, തുരുതുരെ വീണ ഗോളുകള്‍… അങ്ങനെ പോകുന്നു അന്ത്യ ദിനത്തിലെ കാഴ്‌ച്ചകള്‍.
ചെല്‍സി ട്രോഫി ഏറ്റുവാങ്ങിയത് അതിലെ ഏറ്റവും സുന്ദര നിമിഷം. നാലു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് നീലപ്പടയുടെ പാളയത്തില്‍ പ്രീമിയര്‍ ലീഗ് കിരീടമെത്തുന്നത്. സണ്ടര്‍ലാന്റിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തുരത്തി അവര്‍ ചാമ്പ്യന്‍ഷിപ്പ് നേട്ടം ഉഷാറാക്കുകയും ചെയ്തു. ഡീഗോ കോസ്റ്റയും ലോയ്‌ക് റെമിയും (70, 88 മിനിറ്റുകള്‍) ബ്ലൂസിന്റെ ഗോളുകള്‍ കുറിച്ചു. സ്റ്റീവന്‍ ഫ്‌ളെച്ചര്‍ (26) സണ്ടര്‍ലാന്റിന്റെ സ്‌കോറര്‍.
എന്നാല്‍ പ്രിയതാരം ജെറാഡിനെ ജയത്തോടെ യാത്രയയ്‌ക്കാന്‍ കൊതിച്ച ലിവര്‍പൂളിന്റെ ഹൃദയം തകര്‍ന്നു. സ്റ്റോക്ക് സിറ്റി ലിവറിനെ സിക്‌സറടിച്ചുകളഞ്ഞു (6-1). മാമെ ദിയൂഫ് (22, 26) ജൊനാതന്‍ വാള്‍ട്ടേഴ്‌സ് (30), ചാര്‍ളി ആദം (41), സ്റ്റീവന്‍ സോന്‍സി (45), പീറ്റര്‍ ക്രൗച്ച് (86) തുടങ്ങിയവര്‍ സ്‌റ്റോക്കിന്റെ സ്‌കോര്‍ ഷീറ്റിലെത്തി. ഒടുവില്‍ ജെറാഡ് (70) തന്നെ വേണ്ടിവന്നു ലിവറിന്റെ മാനം കാക്കാന്‍. അവസാന ലീഗ് മത്സരത്തിലും ഗോളുമായി മടങ്ങിയെന്ന ആശ്വാസം ജെറാഡിനും ലഭിച്ചു. ലംപാര്‍ഡിന് യാത്രാമംഗളം ചൊല്ലിയ സിറ്റി സതാംപ്റ്റനെ 2-0ന് കീഴടക്കി. ലംപാര്‍ഡ് (31) ഒരു ഗോള്‍ സിറ്റിക്ക് സമ്മാനിച്ചു. സെര്‍ജിയോ അഗ്യൂറോ (88) മുന്‍ ജേതാക്കളുടെ ലീഡ് ഇരട്ടിപ്പിച്ചയാള്‍.
മറ്റുമത്സരങ്ങളില്‍ ആഴ്‌സനല്‍ വെസ്റ്റ്‌ബ്രോമിനെ തകര്‍ത്തു (4-1). ബേണ്‍ലി ആസ്റ്റണ്‍ വില്ലയെയും ക്രിസ്റ്റല്‍ പാലസ് സ്വാന്‍സിയെയും ടോട്ടനം എവര്‍ട്ടനെയും മറുപടിയില്ലാത്ത ഓരോ ഗോളുകള്‍ക്ക് വീഴ്‌ത്തി. എന്നാല്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഹള്‍ സിറ്റി ഗോള്‍ രഹിത സമനിലയ്‌ക്കു പിടിച്ചു. ആകെ 29 ഗോളുകള്‍ സൂപ്പര്‍ സണ്‍ഡേയില്‍ പിറവിയെടുത്തു.
ക്യൂപിആറും ബേണ്‍ലിയും ഹള്‍ സിറ്റിയും ലീഗില്‍ നിന്ന് തരംതാഴ്‌ത്തപ്പെട്ടു. 26 ഗോളുകള്‍ പോക്കറ്റിലാക്കി മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്യൂറോ ടോപ് സ്‌കോറര്‍ പട്ടം കരസ്ഥമാക്കി. ഹാരി കെയ്‌നും (21 ഗോളുകള്‍, ടോട്ടനം), ഡീഗോ കോസ്റ്റയും (20, ചെല്‍സി) തൊട്ടുപിന്നില്‍ നിലയുറപ്പിച്ചു.
















