മഡ്ഗാവ്: ഐ ലീഗ് ഫുട്‌ബോളില്‍ ഗോവന്‍ ശക്തികളായ സാല്‍ഗോക്കറിന് തകര്‍പ്പന്‍ ജയം. പൂനെ ഭാരത് എഫ്‌സിയെ ഒന്നിനെതിരേ അഞ്ചു ഗോളിന് തുരത്തി തരംതാഴ്‌ത്തല്‍ ഭീഷണി ഒഴിവാക്കി സാല്‍ഗോക്കര്‍. 19 കളികളില്‍ 21 പോയിന്റായി ടീമിന്.
സ്വന്തം മൈതാനത്ത് ആദ്യന്തം ആധിപത്യം പുലര്‍ത്തിയ സാല്‍ഗോക്കര്‍ ഡാരല്‍ ഡഫിയുടെയും ദൗഹൗവിന്റെയും ഇരട്ട ഗോളുകളിലാണ് ജയിച്ചു കയറിയത്. ഡഫി മൂന്ന്, 49 മിനിറ്റുകളില്‍ ലക്ഷ്യം കണ്ടു. ദൗഹൗ 59, 84 മിനിറ്റുകളില്‍ ഗോള്‍മുഖം പിളര്‍ന്നു. ബികാഷ് ജെയ്‌റുവും ആതിഥേയര്‍ക്കായി ഗോള്‍ നേടി.
പൂനെയുടെ ആശ്വാസ ഗോള്‍ 63-ാം മിനിറ്റില്‍ ക്രിസ് ബ്രൈറ്റിന്റെ ബൂട്ടില്‍ നിന്ന്.
തോല്‍വി 18 പോയിന്റുള്ള ഭാരത് എഫ്‌സിക്ക് കനത്ത തിരിച്ചടിയായി. തരംതാഴ്‌ത്തല്‍ ഭീഷണിയുമായി ഏറ്റവു പിന്നിലാണ് ടീം. അവസാന റൗണ്ടില്‍ മുംബൈ എഫ്‌സിയെ തോല്‍പ്പിച്ചാല്‍ മാത്രമേ അവര്‍ക്ക് എന്തെങ്കിലും പ്രതീക്ഷയുള്ളു.
പത്തൊമ്പത് കളികളില്‍ 38 പോയിന്റുള്ള മോഹന്‍ ബഗാനാണ് ഒന്നാമത്. 36 പോയിന്റുമായി നിലവിലെ ജേതാക്കള്‍ ബംഗളൂരു എഫ്‌സി രണ്ടാമത്.
അടുത്ത ഞായറാഴ്ച ഇരുവരും മുഖാമുഖമെത്തുമ്പോള്‍ കപ്പ് നിര്‍ണയിക്കപ്പെടും. തോല്‍വി ഒഴിവാക്കിയാല്‍ ആദ്യ ലീഗ് കിരീടം കൊല്‍ക്കത്ത ടീമിന് സ്വന്തമാകും. ചാമ്പ്യന്‍ പദവി നിലനിര്‍ത്താന്‍ ബംഗളൂരുവിന് ജയം അനിവാര്യം.
















