ബാഴ്സലോണ: കറ്റാലന്‍ ക്ലബ്ബിന്റെ ആരാധകര്‍ക്കും മാനേജ്മെന്റിനും താരങ്ങള്‍ക്കുമെല്ലാം കഠിനമായ ദൗത്യമായിരുന്നത്. എങ്കിലും വിങ്ങുന്ന മനസോടെ അവരത് നിര്‍വ്വഹിച്ചു. ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മഹാനായ താരമായ സാവിക്ക് ഹോം ഗ്രൗണ്ടില്‍ നിന്ന് കറ്റാലന്‍സ് വിടനല്‍കി.
ഇനി അടുത്ത സീസണില്‍ ഖത്തര്‍ ടീം അല്‍ സാദിനൊപ്പം സാവിയെ കാണാം. മിഡ്ഫീല്‍ഡര്‍ ജനറല്‍, പാസ് മാസ്റ്റര്‍ അങ്ങനെയുള്ള വിശേഷണങ്ങളില്‍ ഒതുങ്ങുന്നതല്ല ബാഴ്സലോണയ്ക്ക് സാവി എന്ന ദ്വയാക്ഷരി. അതിനെല്ലാം അപ്പുറമായിരുന്നു, രണ്ടപതിറ്റാണ്ടോളം തങ്ങളുടെ വിജയങ്ങള്‍ക്കും പരാജയങ്ങള്‍ക്കും സന്തോഷത്തിനും നൊമ്പരങ്ങള്ക്കുമെല്ലാം ഒപ്പംനടന്ന നായകന് സാവി.
യൂത്ത് ടീമിലൂടെയായിരുന്നു സാവി ബാഴ്സയിലെത്തിയത്. 17 വര്‍ഷം സീനിയര്‍ ജഴ്സിയണിഞ്ഞു. 23 കിരീട നേട്ടങ്ങളില്‍ പങ്കാളിയായി. അതില്‍ എട്ട് ലാ ലീഗ ട്രോഫികളും ഉള്‍പ്പെടുന്നു. 505 കളികളില്‍ സാവി ബാഴ്സയ്ക്കുവേണ്ടി ബൂട്ടുകെട്ടി. 58 തവണ സ്കോര്‍ ചെയ്തിട്ടുണ്ട്.
വികാര നിര്‍ഭരമായിരുന്നു നൗകാംപിലെ യാത്രയയ്ക്കല്‍ ചടങ്ങ്. ഗാലറിയോടും കളിക്കൂട്ടുകാരോടും നന്ദി പറയുമ്പോള്‍ സാവിയുടെ കണ്ണുകള്‍ നിറഞ്ഞു.
‘എല്ലാത്തിനും നന്ദി. ഈ ദിവസം ലോകത്തെ ഏറ്റവും ഭാഗ്യവാനായ മനുഷ്യന് ഞാനാണ്. ബാഴ്സയില്‍ ചെലവിട്ട 17 വര്‍ഷവും അങ്ങനെ തന്നെയായിരുന്നു, സാവി പറഞ്ഞു.
നിങ്ങള്‍ ഉപാധികളില്ലാതെ സ്നേഹിച്ചു. ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബാണ് ബാഴ്സ. ഇത് ഒന്നിന്റെയും അന്ത്യമല്ല. നമുക്ക് ഇനിയും ട്രോഫികള്‍ വേണം. എന്റെ വികാരവിക്ഷോഭങ്ങളെ അടക്കിവെയ്ക്കാന്‍ ശ്രമിച്ചു. പക്ഷേ, എനിക്കെന്നെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. കരയാതിരിക്കാന്‍ കഴിയില്ല. ബാഴ്സയിലെ എല്ലാം എനിക്കു നഷ്ടപ്പെടാന്‍ പോകുന്നു, സാവി തുടര്‍ന്നു.
ബാഴ്സയ്ക്ക് എന്നെയല്ല നഷ്ടപ്പെടുന്നത്. എനിക്ക് ബാഴ്സയെയാണ്. ഏതു വ്യക്തിയെക്കാളും ബാഴ്സയാണ് വലുത്. ജീവിതത്തില്‍ ഇതുവരെ എനിക്കുവേണ്ടി നിലകൊണ്ടവരോട് കൃതജ്ഞതയുണ്ട്, സാവി കൂട്ടിച്ചേര്‍ത്തു.
സാവിക്കു പകരക്കാരനില്ല. മറ്റൊരു സാവിയെ ഇനി ഇവിടെകാണില്ല. ഒരുവര്‍ഷംകൂടി ബാഴ്സയ്ക്കു കളിക്കാനുള്ള യോഗ്യതയുണ്ട് സാവിക്ക്.
പക്ഷേ, ഇത് അദ്ദേഹത്തിന്റെ തീരുമാനമാണ്, ബാഴ്സലോണ കോച്ച് ലൂയിസ് എന്റിക്വെ യാത്രയയ്പ്പു പ്രസംഗത്തില്‍ പറഞ്ഞു.
















