ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി എഐഎഡിഎംകെ നേതാവ് ജെ. ജയലളിത വീണ്ടും ചുമതലയേറ്റു. അഞ്ചാംതവണയാണ് ജയ തമിഴകത്തിന്റെ തലൈവിയാകുന്നത്. ഇതോടെ, അഞ്ചുവട്ടം മുഖ്യമന്ത്രിയായ ഡിഎംകെ നേതാവ് എം. കരുണാനിധിക്ക് ഒപ്പമെത്താനും അവര്‍ക്കായി.
ഇന്നലെ രാവിലെ 11 മണിയോടെ മദ്രാസ് സര്‍വകലാശാല ശതാബ്ദി മന്ദിരത്തില്‍ ഗവര്‍ണ്ണര്‍ കെ.റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു.തമിഴിലാണ് ജയ സത്യപ്രതിജ്ഞ ചെയ്തത്. ഒ.പനീര്‍ശെല്‍വം ഉള്‍പ്പെടെ 28 മന്ത്രിമാരും അധികാരമേറ്റു. മന്ത്രിമാരെല്ലാവരും ഒരുമിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. 2011ല്‍ ഡിഎംകെയെ തൂത്തെറിഞ്ഞ് അധികാരത്തിലെത്തിയപ്പോഴും ഇതേ വേദിയിലാണ് ജയ സ്ഥാനമേറ്റെടുത്തത്.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്, ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ, ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ,സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, ശരത് കുമാര്‍, ബിസിസിഐ മുന്‍ അധ്യക്ഷന്‍ എ.സി. മുത്തയ്യ, ഐസിസി അധ്യക്ഷന്‍ എന്‍. ശ്രീനിവാസന് ഉള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ജയയുടെ സ്ഥാനാരോഹണം. അതേസമയം, പ്രതിപക്ഷമായ ഡിഎംകെയില്‍നിന്ന് ആരും ചടങ്ങിനെത്തിയില്ല.
പച്ചസാരിയണിഞ്ഞ് തന്റെ സ്ഥിരം വാഹനത്തിന്റെ മുന്‍ സീറ്റിലിരുന്നാണ് പോയസ് ഗാര്‍ഡനില്‍നിന്ന് ഏഴുകിലോമീറ്റര്‍ അകലെയുള്ള വേദിയിലേക്ക് ജയ എത്തിയത്. വഴിനീളെ പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയായിരുന്നു യാത്ര.
















