ന്യൂദല്‍ഹി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെടെ പ്രതിയായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ ജൂണ്‍ 29ന് കോടതി വിധി. ദല്‍ഹിയിലെ പട്യാല ഹൗസ് കോടതിയാണ് കേസിലെ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്. ഇനിയും കോടതിയില്‍ പറയാനുള്ള വാദങ്ങള്‍ പ്രതിഭാഗവും പ്രോസിക്യൂഷനും എഴുതി തയ്യാറാക്കി ജൂണ്‍ 6നകം നല്‍കണമെന്ന് കോടതി അറിയിച്ചു.
ഐപിഎല്‍ വാതുവെപ്പ് കേസില്‍ മക്കോക്ക ചുമത്തിയ ദല്‍ഹി പോലീസിന്റെ നടപടിക്കെതിരെ ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ജൂണ്‍ 29ന് കോടതി വിധി പറയുക. വാതുവെപ്പുകാരുമായി യാതൊരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നാണ് ശ്രീശാന്തിന്റെ വാദം. കൂട്ടുപ്രതിയായ ജിജു ജനാര്‍ദ്ദനന്റെ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ ഇക്കാര്യം വ്യക്തമാണെന്നും ശ്രീശാന്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. മക്കോക്ക ചുമത്താന്‍ ആവശ്യമായ യാതൊരു തെളിവുകളും പോലീസ് ഹാജരാക്കിയിട്ടില്ലെന്ന് വാദത്തിനിടെ നിരവധി തവണ കോടതി പരാമര്‍ശിച്ചിരുന്നു.
ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവര്‍ ഉള്‍പ്പെടെ 26 പേരാണ് കേസിലെ പ്രതിപ്പട്ടികയിലുള്ളത്. വാതുവെപ്പുകാരും പ്രതികളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പോലീസ് ഹാജരാക്കിയ ദൃശ്യങ്ങളിലുള്ളത്. പോലീസ് ഹാജരാക്കിയ തെളിവുകള്‍ കോടതി അംഗീകരിക്കുകയാണെങ്കില്‍ അഞ്ചുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിച്ചേക്കും.
മക്കോക്ക ചുമത്തിയത് കോടതി റദ്ദാക്കുകയാണെങ്കില്‍ വഞ്ചനാകുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും അടക്കമുള്ള വകുപ്പുകള്‍ പ്രകാരം ശിക്ഷയ്‌ക്ക് സാധ്യതയുണ്ട്. എന്നാല്‍ ദല്‍ഹി പോലീസ് സമര്‍പ്പിച്ച തെളിവുകള്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ അപര്യാപ്തമാണെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ പറയുന്നത്.
















