കൊല്‍ക്കത്ത: ഐപിഎല്‍ ഫൈനലിന് ആവര്‍ത്തന വിരസതയുടെ അരോചകമുണ്ട്. പക്ഷേ, ഇതിലും നല്ലൊരു കലാശപ്പോര് കിട്ടാനില്ല കുട്ടിക്രിക്കറ്റിന്റ ഇന്ത്യന്‍ പൂരത്തിന്. ഉഗ്ര പ്രതാപികളായ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സുമാണ് ഈഡന് ഗാര്‍ഡനില്‍ കപ്പ് തേടി ഇന്ന് അങ്കം വെട്ടുന്നത്. ശക്തി സംതുലനത്തില്‍ ഇരു സംഘങ്ങളും തുല്യരാണെന്നതും ആരാധകരുടെ ആവേശമേറ്റുന്നു.
പതിവുപോലെ സ്ഥിരതയുടെ വക്താക്കളായാണ് എം.എസ്. ധോണി കപ്പിത്താനായ ചെന്നൈയുടെ ഫൈനല്‍ പ്രവേശം. തുടക്കമൊന്നു പാളിയെങ്കിലും ഒടുക്കം ഗംഭീരമാക്കി മുംബൈയും കലാശത്തട്ട് ഉറപ്പിച്ചു. കളിക്കണക്കുകളില്‍ രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം നില്ക്കുന്നു. 21 മുഖാമുഖങ്ങളില്‍ പതിനൊന്നെണ്ണത്തില്‍ മുംബൈ ജയിച്ചു; പത്തില്‍ ചെന്നൈയും. ഈ സീസണില്‍ ലീഗ് റൗണ്ടില്‍ ഓരോ കളിവീതം പങ്കെട്ടടുത്തു ചെന്നൈയും മുംബൈയും. എന്നാല്‍ ഒന്നാം ക്വാളിഫയറില്‍ വിജയത്തേരേറിയ ഇന്ത്യന്‍സ് അല്‍പ്പം മേല്‍ക്കൈ നേടി.
ചെന്നൈയ്ക്കിത് ആറാം ഫൈനല്‍. ജയിച്ചാല്‍ മൂന്നു തവണ ചാമ്പ്യനാകുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡിന് ഉടമകളാവും ധോണിപ്പട. മൂന്നാം ഫൈനല്‍ കളിക്കുന്ന മുംബൈയെ കാത്തും സുവര്‍ണ രേഖയിരിപ്പുണ്ട്. രണ്ടാം തവണയും കപ്പുയര്‍ത്തിയാല്‍ അത്തരമൊരു നേട്ടം കൊയ്യുന്ന മൂന്നാമത്തെ ടീമെന്ന പെരുമയും അവരുടെ കൂടെപ്പോരും. 2010ലും 2013ലും ഇതേ ടീമുകള്‍ ഫൈനലില്‍ കൊമ്പുകോര്‍ത്തിരുന്നു.
ആദ്യത്തേതില്‍ ചെന്നൈയും രണ്ടാമത്തേതില്‍ മുംബൈയും ജയിച്ചു.സുരേഷ് റെയ്ന, ഫാഫ് ഡു പ്ലെസിസ്, ഡ്വെയ്ന്‍ ബ്രാവൊ, എം.എസ്. ധോണി, ആശിഷ് നെഹ്റ എന്നിവര്‍ ചെന്നൈ നിരയില്‍ ഏറെ അപകടകാരികള്‍.ലെന്‍ഡല്‍ സിമ്മണ്‍സും രോഹിത് ശര്‍മ്മയും കെയ്റോണ്‍ പൊള്ളാര്‍ഡും ലാസിത് മലിംഗയും മിച്ചല്‍ മക്ലനാഗനും മുംബൈയുടെ പ്രതീക്ഷയുടെ പതാകവാഹകര്‍.
ഒരര്‍ത്ഥത്തില്‍ ഇതു കരീബിയന്‍ താരങ്ങളുടെ മല്ലിടല്‍ കൂടിയാണ്. ചെന്നൈ നിരയില്‍ ഡ്വെയ്ന്‍ സ്മിത്തും ബ്രാവോയും ഇടംപിടിക്കുമ്പോള്‍ സിമ്മണ്‍സും പൊള്ളാര്‍ഡും എതിരാളിക്ക് മുംബൈ കരുതുന്ന മറുപടികള്‍.
രാജ്യത്തെ മുന്‍നിര സ്പിന്നര്‍മാരായ ഹര്ഭജന് സിങ്ങും ആര്. അശ്വിനും തമ്മിലെ മാറ്റുരയ്ക്കലായും ഫൈനലിനെ വിശേഷിപ്പിക്കാം.
















