ന്യൂദല്‍ഹി: ജനതാപരിവാര്‍ ലയനത്തിന് തുടക്കത്തില്‍ തന്നെ കടുത്ത തിരിച്ചടി. വെള്ളിയാഴ്ച ദല്‍ഹിയില്‍ നടന്ന യോഗത്തില്‍ നിന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിട്ടു നിന്നതാണ് കാരണം. നിതീഷ് ദല്‍ഹിയില്‍ ഉണ്ടായിട്ടും ലാലു പ്രസാദ് യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തില്ലെന്നതാണ് നേതൃത്വത്തെ അലട്ടുന്നത്.
നിതീഷുമായി തെറ്റിപ്പിരിഞ്ഞ ബീഹാര്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ കൂടി കൂട്ടാനുള്ള നീക്കത്തിലാണ് ലാലു. എന്നാല്‍ നിതീഷ് ഇതിനെ ശക്തമായ എതിര്‍ക്കുന്നു. തനിക്കും പാര്‍ട്ടിക്കും കടുത്ത ഭീഷണിയും വെല്ലുവിളിയും ഉയര്‍ത്തി, പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കില്‍ എത്തിച്ച മാഞ്ചിയുമായി ഒരു ബന്ധവും വേണ്ടെന്ന നിലപാടിലാണ് നിതീഷ്. മാഞ്ചിയാകട്ടെ ബിജെപിയുമായി നല്ല ബന്ധത്തിലുമാണ്.
ദല്‍ഹിയില്‍ ലാലുവിന്റെ വസതിയിലാണ് യോഗം ചേര്‍ന്നത്. താന്‍ ചികില്‍സയില്‍ ആയിരുന്നുവെന്നും അതിനാലാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നുമാണ് നിതീഷ് പറയുന്നത്.മുലായത്തിനോട് നിതീഷിന് ഉടലെടുത്ത രോഷമാണ് അദ്ദേഹം യോഗത്തില്‍ പങ്കെടുക്കാത്തതിനുള്ള മറ്റൊരു കാരണം.
പാര്‍ട്ടി ഏറെ വിശ്വസിക്കുകയും നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുകളും ചെയ്ത മുലായം തന്നോട് വഞ്ചന കാട്ടിയെന്നും നിതീഷ് കരുതുന്നു.
ആര്‍ജെഡിയുമായല്ല സമാജ്‌വാദി പാര്‍ട്ടിയുമായിട്ടാണ് തങ്ങള്‍ക്ക് എതിര്‍പ്പെന്നാണ് നിതീഷ് പക്ഷം പറയുന്നത്.ബീഹാര്‍ തെരഞ്ഞെടുപ്പിനു മുന്‍പ് സഖ്യം ഉണ്ടാവില്ലെന്ന് അടുത്തിടെ മുതിര്‍ന്നസമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.
















